ന്യൂഡൽഹി: രാജ്യത്ത് കടുവകളുടെ സംരക്ഷണത്തിനും ജനനനിരക്ക് വർധിപ്പിക്കാനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ. രാജ്യത്തുടനീളം വംശനാശഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അനുപം ത്രിപാഠി 2017ൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
2018ലെ റിപ്പോർട്ട് പ്രകാരം 53 കടുവാ സങ്കേതങ്ങളിലായി 2,967 കടുവകൾ രാജ്യത്തുണ്ട്. ഇത് കടുവകളുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് വിരൽചൂണ്ടുന്നതെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹരജിക്കാറൻ ഹാജരാകാത്തതിനാൽ കേസ് മാർച്ചിലേക്ക് മാറ്റി.
കടുവാ സങ്കേതങ്ങൾക്ക് സമീപം താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ വന്യജീവി സംരക്ഷണ അതോറിറ്റിക്കും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും 2017ൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അധികാരികൾ വെടിവെച്ചോ വേട്ടയാടിയോ അല്ലെങ്കിൽ നാട്ടുകാർ വിഷം നൽകിയോ കടുവകൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഹരജിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.