ലോകത്ത് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യുന്ന വർഷമാണ് 2024. ലോക ജനസംഖ്യയുടെ 45 ശതമാനത്തോളം പേരാണ് 50ലധികം രാജ്യങ്ങളിലായി വോട്ട് ചെയ്യുന്നത്.

എന്നാൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോയെന്ന സംശയം ശക്തമാവുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ജനാധിപത്യം പിന്നോട്ടുപോവുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പട്ടികയിൽ പിന്നിൽനിന്ന് അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ചില രാജ്യങ്ങൾ മാത്രമാണ് പുരോഗതി കൈവരിച്ചത്. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

തെരഞ്ഞെടുപ്പ് സമയത്തെ അക്രമങ്ങൾ, സർക്കാറിന്റെ ഭയപ്പെടുത്തൽ, ക്രമക്കേട്, വോട്ടിന് പണം തുടങ്ങിയവ പഠനവിധേയമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിൽ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളെയും മുന്നിലുള്ള രാജ്യങ്ങളെയും ഉൾപ്പെടുത്തി പൂജ്യം മുതൽ ഒന്നുവരെയാണ് രാജ്യങ്ങൾക്ക് സ്കോർ നൽകിയിരിക്കുന്നത്. 2012നും 2022നും ഇടയിൽ സ്വതന്ത്ര തെരഞ്ഞെടുപ്പി​ന്റെ കാര്യത്തിൽ ഇന്ത്യ പിന്നാക്കം പോയെന്ന് റിപ്പോർട്ട് പറയുന്നു. 2012ൽ 0.75 ആയിരുന്ന സ്കോർ 2022ൽ 0.53 ആയി കുറഞ്ഞു.

ആഫ്രിക്കൻ രാജ്യമായ ​കോമറോസ് ആണ് ഏറ്റവും പിന്നിൽ. പ്രതിപക്ഷം ബഹിഷ്‍കരിച്ച തെരഞ്ഞെടുപ്പിൽ 16 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. ഹംഗറി, ബംഗ്ലാദേശ്, പോളണ്ട് എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ളത്. റഷ്യ, ഇന്തോനേഷ്യ, കംബോഡിയ, മംഗോളിയ എന്നിവയും പട്ടികയിൽ പിന്നിലാണ്. സ്കോറിൽ നേരിയ കുറവോ പുരോഗതിയോ കൈവരിച്ച രാജ്യങ്ങൾ ഉസ്ബെകിസ്താൻ, റുമേനിയ, ടോഗോ എന്നിവയാണ്. 

പേരിനൊരു ലോക്സഭ 

17ാം ലോക്സഭയുടേത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം, പ്രതിപക്ഷത്തിന് പരിഗണന നൽകിയില്ല

പാർലമെന്റിൽ നടപടിക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടിയന്തര പ്രമേയം. അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മറ്റു നടപടിക്രമങ്ങളെല്ലാം മാറ്റിവെച്ച് വിഷയം ചർച്ചചെയ്യാനുമാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാറുള്ളത്. പ്രതിപക്ഷം കൊണ്ടുവരുന്ന പ്രമേയത്തിന് അവതരണാനുമതി നൽകേണ്ടത് സ്പീക്കറാണ്. എന്നാൽ, മോദി ഭരണകാലത്ത് പ്രതിപക്ഷം കൊണ്ടുവന്ന ഒരൊറ്റ അടിയന്തര പ്രമേയത്തിനുപോലും അവതരണാനുമതി ലഭിച്ചില്ല. യു.പി.എ കാലത്ത് അടിയന്തര പ്രമേയത്തിന്മേൽ ഒമ്പതു ചർച്ചകൾ നടന്നപ്പോഴാണിത്. ചരിത്രത്തിലെ ഏറ്റവും മോശം പാർലമെന്റ് നടപടിക്രമങ്ങൾക്കാണ് രണ്ടാം മോദി കാലം (17ാം ലോക്സഭ) സാക്ഷിയായതെന്നും രേഖകൾ വ്യക്തമാക്കുന്നു.

സഭാദിവസം ഏറ്റവും കുറവ്

ഏറ്റവും കുറച്ച് സിറ്റിങ്ങുകൾ നടന്ന ലോക്സഭാ കാലം; അഞ്ചു വർഷത്തിനിടെ 274 ദിവസമാണ് സഭ സമ്മേളിച്ചത്; വാർഷിക ശരാശരി 55. ഇതിലും കുറവ് ദിവസം സഭാ സമ്മേളനം നടന്നത് നാലു തവണ മാത്രം. എന്നാൽ, ആ സർക്കാറുകളൊന്നും കാലാവധി പൂർത്തിയാക്കിയിരുന്നില്ല. 15ൽ, 11 സമ്മേളനങ്ങളും വെട്ടിച്ചുരുക്കി നേരത്തേ പിരിഞ്ഞു. ഇതുകാരണം, മുൻകൂട്ടി നിശ്ചയിച്ച 40 സഭാദിവസങ്ങളെങ്കിലും നഷ്ടമായി.

ചൂടപ്പംപോലെ ബില്ലുകൾ

ധനബില്ലുകൾക്കു പുറമെ 179 ബില്ലുകൾ സഭ പാസാക്കി. അഞ്ചിലൊന്നും ധനകാര്യ, ആഭ്യന്തര വകുപ്പുകളുടേത്. 58 ശതമാനം ബില്ലുകളും പാസായത് സഭയിൽ വന്ന് രണ്ടാഴ്ചക്കുള്ളിൽ. ജമ്മു-കശ്മീർ, വനിത സംവരണ ബിൽ എന്നിവ പാസായത് രണ്ടു ദിവസത്തിനുള്ളിൽ. 35 ശതമാനം ബില്ലുകളും പാസാക്കിയത് അരമണിക്കൂർ ചർച്ചക്കുള്ളിൽ. 16 ശതമാനം ബില്ലുകൾ മാ​ത്രമാണ് തുടർപഠനത്തിനായി കമ്മിറ്റിക്കു വിട്ടത്.

എക്കാല​ത്തെയും കുറഞ്ഞ നിരക്കാണിത്. രണ്ടാം യു.പി.എ കാലത്ത് ഇത് 71 ശതമാനമായിരുന്നു. 91 ശതമാനം ബില്ലുകളും പാസാക്കിയത് വോട്ടിങ്ങില്ലാതെ. ലോക്സഭയിലെത്തിയ സ്വകാര്യ ബില്ലുകൾ 729; അനുമതി ലഭിച്ചത് രണ്ട്. രാജ്യസഭയിൽ ഇത് യഥാക്രമം 705ഉം 14ഉം. ഒരു ബില്ലുപോലും പാസായില്ല.

വെട്ടി, ബജറ്റ് ചർച്ചയും ചോദ്യോത്തര വേളയും

നിശ്ചയിച്ചതിൽ 60 ശതമാനം സമയം മാത്രമാണ് ചോദ്യോത്തരവേളക്ക് ലോക്സഭയിൽ അനുവദിച്ചത്. രാജ്യസഭയിൽ ഇത് 52 ശതമാനമാണ്. നാലിലൊന്ന് ചോദ്യങ്ങൾക്കു മാത്രമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സഭയിൽ മറുപടി നൽകിയത്. ബജറ്റ് ചർച്ചക്ക് അനുവദിച്ച സമയവും 17ാം ലോക്സഭാ കാലത്ത് കുറച്ചു. 80 ശതമാനവു​ം ചർച്ചയില്ലാതെ നേരിട്ട് വോട്ടിനിട്ടു. 

Tags:    
News Summary - India is backward in democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.