ന്യൂഡൽഹി: ‘ലോകം ഒരു കുടുംബം’ എന്നർഥം വരുന്ന ‘വസുധൈവ കുടുംബകം’ എന്ന തത്ത്വത്തിൽ വേരൂന്നിയതാണ് ഇന്ത്യയുടെ ആഗോള ഇടപെടലുകളെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വൈവിധ്യങ്ങളുടെയും നാടാണ് ഇന്ത്യ. ലോകത്തിലെ പല പ്രധാന മതങ്ങളും ഇവിടെയാണ് ജനിച്ചത്. ലോകത്തിലെ എല്ലാ മതങ്ങളും ഇവിടെ ആദരിക്കപ്പെട്ടുവെന്നും ആമുഖഭാഷണത്തിൽ മോദി അവകാശപ്പെട്ടു.
ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന ഈ ആശയം ഓരോ ഇന്ത്യക്കാരനെയും ‘ഒരു ഭൂമി’യെന്ന ബോധ്യവുമായി ബന്ധിപ്പിക്കുന്നു. വൻതോതിൽ സൗരോർജ വിപ്ലവം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഹരിത ഹൈഡ്രജൻ ഉൽപാദനം വർധിപ്പിക്കാൻ ‘ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം’ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ ധനസഹായത്തിനായി വികസിത രാജ്യങ്ങൾ 100 ബില്യൺ ഡോളർ മാറ്റിവെക്കാൻ തീരുമാനിച്ചതിൽ ഗ്ലോബൽ സൗത്തിലെ എല്ലാരാജ്യങ്ങളും സന്തുഷ്ടരാണ്.
ഉച്ചകോടിയിൽ ഇന്ത്യക്ക് ചില നിർദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർക്കാൻ ആഗോളതലത്തിൽ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ബദലായ ജൈവ ഇന്ധന നിർദേശങ്ങളുമാകാമെന്നും അദ്ദേഹം വിശദമാക്കി.
• കാർബൺ ക്രെഡിറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് നിഷേധാത്മക സ്വഭാവമുണ്ട്. എന്താണ് ചെയ്യരുതാത്തത് എന്നതിനാണ് കാർബൺ ക്രെഡിറ്റ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് ക്രിയാത്മക നടപടികൾ ഇക്കാര്യത്തിലുണ്ടാകണം.
• ജി20 രാജ്യങ്ങൾ ‘ഗ്രീൻ ക്രെഡിറ്റ് ഇനീഷ്യേറ്റിവി’നായി പ്രവർത്തിക്കാൻ തുടങ്ങണം.
• ചന്ദ്രയാന്റെ വിജയം എല്ലാ മനുഷ്യർക്കും ഉപയോഗപ്രദമായിരിക്കും. ഇതിൽനിന്ന് ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കും. ഉപഗ്രഹദൗത്യത്തിന് ജി20 തുടക്കംകുറിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.