ന്യൂഡൽഹി: ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും എക്‌സൈസ് തീരുവ കൂട്ടിയതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. തീരുവ ഇനത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും ഉയർന്ന വർധനവാണിതെന്ന് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്തു.പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കുേമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ് പോകുന്നത്. ഡൽഹിയിൽ പെട്രോളിന് 71.26 രൂപയാണ് ചില്ലറ വിൽപന വില. ഇതിൽ 49.42 രൂപയും നികുതിയാണ്. ഡീസലിൻെറ 69.39 രൂപ വിലയിൽ 48.09ഉം നികുതി തന്നെ.
വികസിത രാജ്യങ്ങളായ ഫ്രാൻസിലും ജർമനിയിലും 63 ശതമാനം വീതവും ഇറ്റലിയിൽ 64 ശതമാനവും ബ്രിട്ടനിൽ 62 ശതമാനവും സ്പെയിനിൽ 53 ശതമാനവും ജപ്പാനിൽ 47 ശതമാനവും കാനഡയിൽ 33ശതമാനവുമാണ് ഇന്ധനത്തിന് നികുതി ഈടാക്കുന്നത്. എന്നാൽ അമേരിക്കയിലിത് 19 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം വരെ ഇന്ധനവിലയുടെ 50 ശതമാനം മാത്രമായിരുന്നു ഇന്ത്യയിൽ നികുതി നൽകേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസം റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയാണ് വര്‍ധിപ്പിച്ചത്. പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം മറികടക്കാൻ ഡൽഹിയും വാറ്റ് ഇനത്തിൽ ഇന്ധന നികുതി വർധിപ്പിച്ചിരുന്നു. ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചതിന് പിന്നലെയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ അതേ ദിവസം നികുതി വർധിപ്പിച്ചത്. ബുധനാഴ്ച മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിൻെറ നടപടി. തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോളിൻെറയും ഡിസലിൻെറയും നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല.
ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വർധിപ്പിച്ചത്. രണ്ട് തവണ മാത്രമാണ് തീരുവയിൽ കുറവ് വരുത്തിയത്. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് 9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതിപ്പോൾ 32.98 ആയി ഉയർന്നു. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് ഇപ്പോൾ 31.83 ആക്കി കൂട്ടി. മൂല്യവർധിത നികുതി പെട്രോളിന് 20 ശതമാനത്തിൽ നിന്നും 30 ലേക്കും ഡീസലിേൻറത് 12.5 ശതമാനത്തിൽ നിന്നും 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്.
ബാരലിന് 65.5 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡ്ഓയിൽ വില തിങ്കളാഴ്ച 64 ശതമാനം ഇടിഞ്ഞ് 23.38 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് എക്കാലത്തെയും താഴ്ന്ന വിലയായ 19.9 ഡോളറിലെത്തിയത്. ഇക്കാലയളവിലും വിലയിടിവിൻെറ ഗുണം സാധരണക്കാർക്ക് ലഭിച്ചില്ല. മാർച്ച് 26ന് കേന്ദ്രം ഡീസലിൻെറ തീരുവ ലിറ്ററിന് മുന്ന് രൂപ വെച്ച് വർധിപ്പിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി രാജ്യം പൂർണമായി അടച്ചിട്ടതോടെ വരുമാനം നിലച്ചതാണ് സർക്കാറിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. അങ്ങനെയാണെങ്കിലും ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ ഇന്ധനത്തിനുള്ള ആവശ്യഗത ഗണ്യമായി കുറഞ്ഞതിനാൽ പ്രതീക്ഷിച്ച നേട്ടം സർക്കാറിന് ലഭിക്കില്ലെന്നും സൂചനയുണ്ട്. ഏപ്രിൽ മാസം ഇന്ധന ഉപഭോഗത്തിൽ 70 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.