ജമ്മു: ഇന്ത്യ-പാക് സമാധാനചർച്ച പുനരാരംഭിക്കണമെന്ന് ജമ്മു-കശ്മീരിലെ മഹ്ബൂബ മുഫ്തി സർക്കാർ. ഞായറാഴ്ച പാകിസ്താെൻറ ആക്രമണത്തിൽ നാലുസൈനികർ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ വൻ ഒച്ചപ്പാടിനും പ്രതിഷേധത്തിനും ഇടയാക്കിയതിനെതുടർന്നാണ് സർക്കാർ ഇൗ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷമായ നാഷനൽ കോൺഫറൻസും(എൻ.സി)സർക്കാറിനെ പിന്തുണച്ചു.
2003ലെ വെടിനിർത്തൽ കരാർ കർശനമായി നടപ്പാക്കണമെന്ന് നാഷനൽ കോൺഫറൻസ് ആവശ്യപ്പെട്ടപ്പോൾ പാക്ആക്രമണത്തെ അപലപിക്കുന്ന പ്രമേയം സർക്കാർ പാസാക്കണമെന്ന് ഭരണത്തിലെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എ രവീന്ദർ റെയ്നയും ആവശ്യപ്പെട്ടു.
നാഷനൽ കോൺഫറൻസ് എം.എൽ.എ മിലൻ അൽതാഫാണ് സഭ ചേർന്നയുടൻ വിഷയം ഉന്നയിച്ചത്. ആരാണ് കൊലപാതകങ്ങൾക്ക് ഉത്തരവാദികളെന്ന് ചോദിച്ച് കോൺഗ്രസ്, എൻ.സി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരാമർശിച്ച് എവിടെയാണ് ആ ‘56 ഇഞ്ച് നെഞ്ച്’എന്നും എം.എൽ.എമാർ ചോദിച്ചു. ബഹളം ശക്തമായപ്പോൾ സ്പീക്കർ കവീന്ദർ ഗുപ്ത പത്തു മിനിറ്റ് നേരം സഭ നിർത്തിവെച്ചു. അതേസമയം, രജൗറി ജില്ലയിൽ നിയന്ത്രണരേഖയിലുണ്ടായ പാക് വെടിവെപ്പിലും ഷെല്ലാക്രമണത്തിലും ഒരു ബി.എസ്.എഫ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു.
കേരി മുന്നേറ്റമേഖലയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് സംഭവം.
രാത്രിമുഴുവൻ പാക് സൈന്യം ഇടവിട്ട് ഷെല്ലാക്രമണം നടത്തിയെന്നും സിവിലിയൻമാർക്ക് പരിക്കേറ്റിട്ടില്ലെന്നും രജൗറി ഡെപ്യൂട്ടി കമീഷണർ ഡോ. ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.