അസ്താന(കസാഖ്സ്താൻ): ഇന്ത്യയും പാകിസ്താനും ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ (എസ്.സി.ഒ) പൂർണാംഗങ്ങളായി. നാറ്റോക്ക് സമാനമായ സുരക്ഷസഖ്യമായ എസ്.സി.ഒയുടെ ആദ്യ വിപുലീകരണമാണിത്. ഇന്ത്യയുടെ അംഗത്വലബ്ധിക്കുവേണ്ടി റഷ്യയും പാകിസ്താനുവേണ്ടി ചൈനയുമാണ് രംഗത്തുണ്ടായിരുന്നത്. വിപുലീകരണത്തോടെ എസ്.സി.ഒ ലോക ജനസംഖ്യയുടെ 40 ശതമാനവും ലോക ജി.ഡി.പിയുടെ 20 ശതമാനവും ഉൾക്കൊള്ളുന്നതായി. സംഘടനയിൽ അംഗമായതോടെ മേഖലയിലെ ഭീകരവാദ ഭീഷണിയെപറ്റിയും സുരക്ഷപ്രശ്നങ്ങളെ കുറിച്ചും ഇന്ത്യക്ക് ശക്തമായി വാദിക്കാനാവും. കസാഖ്സ്താൻ പ്രസിഡൻറ് നൂർ സുൽത്താൻ നസർബയേവ് ആണ് നിലവിൽ എസ്.സി.ഒ ചെയർ. ഇന്ത്യയുടെയും പാകിസ്താെൻറയും പ്രവേശനത്തെ അഭിനന്ദിച്ച അദ്ദേഹം ഇത് സംഘടനയെ സംബന്ധിച്ച് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി.
എസ്.സി.ഒ പ്രവേശനത്തിലൂടെ ഇന്ത്യക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. ഭീകരവാദത്തിനെതിരായ കൂട്ടായ നീക്കമാണ് പ്രധാനം. സുരക്ഷ സംബന്ധമായ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം സംഘടനയുടെ റീജനൽ ആൻറി ടെററിസ്റ്റ് സ്ട്രക്ചർ (റാറ്റ്സ്) പ്രയോജനപ്പെടുത്താനും ശ്രമമുണ്ടാകും. വൻ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യക്ക് ഉൽപാദക രാജ്യങ്ങൾ ഏറെയുള്ള സംഘടനയുമായുള്ള സഹകരണം ഇൗ രംഗത്തും നേട്ടമാകും.
2001ൽ ഷാങ്ഹായിൽ വെച്ച് േചർന്ന ഉച്ചകോടിയിലാണ് റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്താൻ, താജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾ ചേർന്ന് സംഘടനക്ക് രൂപംനൽകിയത്. 2015ൽ റഷ്യയിലെ ഉഭയിൽ ചേർന്ന ഉച്ചകോടിയിലാണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. 2005 മുതൽ ഇന്ത്യയും പാകിസ്താനും ഇറാനും നിരീക്ഷകരായി സഹകരിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.