ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 34,703 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 111 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്. 4,64,357 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസം 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിലാണ് (8037) ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (6740), തമിഴ്നാട് (3715), കർണാടക (2848), ഒഡീഷ (2803) എന്നീ സംസ്ഥാനങ്ങളാണ് പിറകിൽ. മഹാരാഷ്ട്രയിലാണ് (106) ഏറ്റവും കൂടുതൽ പേർ മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 102 പേർ മരിച്ചു.
കഴിഞ്ഞ ദിവസം 51,864 പേർ രോഗമുക്തി നേടി. ഇതുവരെ 2.97 കോടിയാളുകളാണ് രാജ്യത്ത് കോവിഡിൽ നിന്ന് മുക്തി നേടിയത്. തുടർച്ചയായി 54ാം ദിവസമാണ് രോഗികളേക്കാൾ ഏറെ പേർ രോഗമുക്തി നേടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.11 ശതമാനമാണ്. ആഴ്ചയിലുള്ള പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. രാജ്യത്ത് പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
വാക്സിനേഷൻ യജ്ഞത്തിെൻറ ഭാഗമായി ഇതുവരെ 35.75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു. കോവിഡ് ഡെൽറ്റ വകഭേദം പടർന്നുപിടിച്ച ഇന്ത്യ, ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയ യാത്ര വിലക്ക് ജർമനി നീക്കി. ഇന്ത്യ, നേപ്പാൾ, റഷ്യ, പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബർട്ട് കോച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഇതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ ക്വാറൻറീൻ, കോവിഡ് പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.