മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ 50 വയസുള്ള സ്ത്രീക്ക് ഒമിക്രോൺ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ജീനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്‌സ്ഇ (Omicron XE) വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചതായി വാർത്തകൾ വന്നിരുന്നു. ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷനിലെ (ബി.എം.സി) 50 വയസുള്ള സ്ത്രീക്ക് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ബി.എം.സി അറിയിച്ചിരുന്നത്.
പുതിയ എക്‌സ്ഇ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടർന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.
യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ എക്‌സ്ഇ റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടന്‍ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണ് ലോകാരോഗ്യ സംഘടന.
മുംബൈയിലെ 230 രോഗികളിൽ 228 പേർക്ക് ഒമിക്രോണും ഒരാൾക്ക് കപ്പ വകഭേദവും സ്ഥിരീകരിച്ചിരുന്നു. ആകെയുള്ള 230 രോഗികളിൽ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഓക്സിജനോ തീവ്രപരിചരണമോ ആവശ്യമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേർ വാക്സിൻ എടുക്കാത്തവരും ഒമ്പതും പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.