ന്യൂഡൽഹി: രാജ്യത്ത് നാലുലക്ഷം കടന്ന് പ്രതിദിന കോവിഡ് ബാധിതർ. 4,01,993 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 3523 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്ത കോവിഡ് കണക്കിൽ ഏറ്റവും ഉയർന്ന കണക്കാണിത്. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
24 മണിക്കൂറിനിടെ 2,99,988 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,56,84,406ആയി. 1,91,64,969 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,11,853ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം. 32,68,710 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15,49,89,635 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
അതേസമയം ശനിയാഴ്ച മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം മൂലം മിക്ക സംസ്ഥാനങ്ങളിലും അടുത്ത ഘട്ട വാക്സിനേഷൻ ആരംഭിക്കാൻ സാധിച്ചിട്ടില്ല. 45 വയസിന് മുകളിലുള്ള രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്കാകും സംസ്ഥാനങ്ങൾ മുൻഗണന നൽകുക.
മിക്ക സംസ്ഥാനങ്ങളും സമ്പൂർണ ലോക്ഡൗണിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണെന്നാണ് വിവരം. നിലവിൽ കർണാടകയും ഉത്തർപ്രദേശുമാണ് സമ്പൂർണ ലോക്ഡൗണിലേക്ക് കടന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഭാഗിക ലോക്ഡൗണും കർശന നിയന്ത്രണവും രാത്രി കർഫ്യൂവും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.