മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ കോവിഡിൽ നിന്ന് സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം സ്വയംപര്യാപ്തമായതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചിരിക്കുന്നു. രണ്ട് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്‌സിനുകൾ തയ്യാറാണ്. പിപിഇ കിറ്റുകൾ, മാസ്കുകൾ, വെന്‍റിലേറ്ററുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ നാം നേരത്തേ പുറത്തുനിന്ന് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ രാഷ്ട്രം സ്വാശ്രയമാണ്'. -മോദി പറഞ്ഞു.
ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനുകൾക്കായി ലോകം കാത്തിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി എങ്ങനെ പുറത്തിറക്കുമെന്ന് ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിങിലൂടെ പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷങ്ങളിൽ പ്രവാസി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ തങ്ങളുടെ സ്വത്വം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ നടത്തിയ പ്രവർത്തനങ്ങളും അവർ തങ്ങളുടെ ചുമതലകൾ നിറവേറ്റിയ രീതിയും രാജ്യത്തിന് അഭിമാനകരമാണ്. വിദേശത്ത് താമസിക്കുന്ന നിരവധി ഇന്ത്യക്കാർക്കും കോവിഡിന് കാരണം ജീവൻ നഷ്ടപ്പെട്ടു. അവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ചിട്ടുണ്ട്' -പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യ ഭീകരതയെ അഭിമുഖീകരിക്കുമ്പോൾ ലോകത്തിനും ഈ വെല്ലുവിളി നേരിടാനുള്ള ധൈര്യം ലഭിച്ചു. ഇന്ന് ഇന്ത്യ അഴിമതി അവസാനിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്‍റെ അകൗണ്ടിലേക്ക് എത്തിക്കുന്നു' -പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.