ന്യൂഡൽഹി: ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴിയാക്കണമെന്ന് കോൺഗ്രസ് േനതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിധു. തെരഞ്ഞെടുപ്പുകളുടെ പാവനത ഇലക്ഷൻ കമീഷൻ കാത്തു സൂക്ഷിക്കണമെന്നും സിധു ട്വീറ്റിൽ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞടുപ്പിൽ ഗംഭീര ജയം നേടിയതിനുപിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി വാർത്തസമ്മേളനം നടത്തുന്ന ദൃശ്യം പങ്കുവെച്ചാണ് സിധുവിന്‍റെ ട്വീറ്റ്. വോട്ടെണ്ണലിൽ തിരിമറി നടത്തിയിെല്ലങ്കിൽ തന്നെ വധിക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയെന്ന സന്ദേശം നന്ദിഗ്രാമിൽ ഇലക്ഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മമതക്ക് അയച്ചിരുന്നു. ഇത് വാർത്തസമ്മേളനത്തിൽ വായിക്കുന്ന ദൃശ്യമാണ് സിധു പങ്കുവെച്ചത്.
'തെരഞ്ഞെടുപ്പുകളുടെ പരിപാവനത ഇലക്ഷൻ കമീഷൻ കാത്തുസൂക്ഷിക്കണം. നമ്മുടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാനംതന്നെ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ്. ഇലക്ഷൻ കമീഷന്‍റെ പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ ജനാധിപത്യത്തിന്‍റെ അടിത്തറയെ പിടിച്ചുകുലുക്കുന്നതാണ്. പഞ്ചാബ് നിയമസഭയിൽ ഞാൻ മുന്നോട്ടുവെച്ച ആവശ്യം ആവർത്തിക്കുകയാണ്. ഇന്ത്യയിലെ തെരെഞ്ഞടുപ്പുകൾ മുഴുവൻ ബാലറ്റ് പേപ്പർ വഴി ആക്കണം. ലോകത്തെ മുൻനിര രാഷ്ട്രങ്ങളായ യു.കെ, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ബാലറ്റ് പേപ്പർ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.' -രണ്ടു ട്വീറ്റുകളിലായി സിധു ആവശ്യമുന്നയിച്ചു.
രാജ്യത്ത് ഇലക്ട്രോണിക് േവാട്ടിങ് മെഷീനിൽ തിരിമറി നടക്കുന്നതായ ആക്ഷേപങ്ങൾ പലപ്പോഴും ഉയരുന്നുണ്ട്. കോൺഗ്രസ് അടക്കം മിക്ക പ്രതിപക്ഷ കക്ഷികളും ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.