അഹ്മദാബാദ്: കനത്ത മഴ തുടരുന്ന ഗുജറാത്തിൽ, പ്രധാന നഗരങ്ങളിലെല്ലാം വെള്ളംകയറി കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിശ്വാമിത്രി നദി കരകവിഞ്ഞതോടെ വെള്ളത്തിലായ വഡോദരയിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രദേശത്തെ സാഹചര്യം വളരെ മോശമാണെന്ന് കാണിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം രാധാ യാദവ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായി. തങ്ങളെ രക്ഷിച്ച ദേശീയ ദുരന്തനിവാരണ സേനയോട് (എന്‍.ഡി.ആർ.എഫ്) താരം നന്ദി പറയുന്നുമുണ്ട്.
റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ബോട്ടുകളിലെത്തിയാണ് എന്‍.ഡി.ആർ.എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിഡിയോ സ്‌റ്റോറിയായി പങ്കുവെച്ചാണ് രാധ നന്ദിയറിയിച്ചത്. ‘ഞങ്ങള്‍ വളരെ മോശം സാഹചര്യത്തിലാണുള്ളത്. രക്ഷപ്പെടുത്തിയ എന്‍.ഡി.ആര്‍.എഫ് സംഘത്തിന് നന്ദി’ -വിഡിയോക്കൊപ്പം രാധ കുറിച്ചു. ഗുജറാത്തില്‍ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണുള്ളത്. മൂന്നുദിവസത്തിനിടെ 26 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 17,800ഓളം പേരെ പ്രളയബാധിത മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിച്ചു.
ഇക്കൊല്ലം നടക്കാനിരിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്പിന്നറായ രാധാ യാദവും ഉള്‍പ്പെട്ടിട്ടുണ്ട്. യു.എ.ഇയിലാണ് ലോകകപ്പ്. ഓസ്ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ വനിതകളും. ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകൾക്കെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയുമുണ്ട്. സമൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.