സൂചനാ ചിത്രം 

അരുണാചൽ അതിർത്തിയിൽ ഇന്ത്യൻ പോർവിമാനങ്ങളുടെ പട്രോളിങ്

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അരുണാചൽ പ്രദേശ് അതിർത്തിമേഖലകളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പട്രോളിങ് ആരംഭിച്ചതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിൽ ഇന്ത്യ - ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി കഴിഞ്ഞ ദിവസം സൈന്യം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തുമായി സൈനികർക്ക്​ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. തവാങ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് ഇന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശദീകരിക്കും.

200ഓളം ചൈനീസ് സൈനികർ ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നെന്നും ആണി തറച്ച വടികളും മറ്റുമായാണ് ഇവർ എത്തിയതെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പോസ്റ്റ് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗൽവാനിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമാണ്​. 2020 ജൂൺ 15നാണ്​ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ്​ ലിബറേഷൻ ആർമിയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ്​ റിപ്പോർട്ട്.

അരുണാചൽ പ്രദേശ്​ അതിർത്തി മേഖലയിൽ ഇന്ത്യ-ചൈന സംഘർഷം ആദ്യമല്ല. മേഖലയിൽ നിരീക്ഷണ യാത്രക്കിടയിൽ സൈനികർ തമ്മിൽ ഉരസൽ ഉണ്ടാകാറുണ്ട്​. 2021 ഒക്​ടോബറിലും സംഘർഷം ഉണ്ടായിരുന്നു.

Tags:    
News Summary - India Starts Combat Air Patrols Over Arunachal Amid China Tension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.