യു.എൻ രക്ഷാസമിതിയുടെ ആഗസ്റ്റിലെ പ്രസിഡന്‍റ്​ സ്​ഥാനം ഇന്ത്യ ഏറ്റെടുത്തു; 9ലെ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ആഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യ ഏ​റ്റെടുത്തു. ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ഓൺ​ലൈനായാണ്​ യോഗം സമിതി യോഗം ചേരുന്നത്​. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു രാഷ്​ട്രീയ നേതാവ് രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്​.

ഫ്രാന്‍സായിരുന്നു ജൂലൈ മാസത്തിൽ അധ്യക്ഷപദവി വഹിച്ചിരുന്നത്​. ഫ്രാന്‍സില്‍ നിന്ന് അധ്യക്ഷ പദവി ഏറ്റെടുത്ത യുഎന്നിലെ ഇന്ത്യന്‍ സ്​ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി ഫ്രഞ്ച് പ്രതിനിധിയോട് നന്ദി അറിയിച്ചു. സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ കാര്യങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന്​ വലിയ സംഭാവനകളുണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്‍റെ 75ാം വാർഷികവേളയിൽ തന്നെ രക്ഷാസമിതിയുടെ അധ്യക്ഷപദവി ലഭിച്ചത്​ ബഹുമതിയായി കണക്കാക്കുന്നു. സമാധാന പ്രവർത്തകരുടെ ഓർമയ്ക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കും. സിറിയ, ഇറാഖ്, സൊമാലിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രത്യേക യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്​ പത്താം തവണയാണ് ഇന്ത്യ യു.എൻ രക്ഷാസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുന്നത്. ഇംഗ്ലീഷ്അക്ഷരമാല ക്രമത്തിൽ ഓരോ മാസവും ഓരോ രാജ്യമാണ്​ പ്രസിഡന്‍റ്​ പദവി വഹിക്കുക​. 1950 ജുൺ, 1967 സെപ്​റ്റംബർ, 1972 ഡിസംബർ, 1977 ഒക്​ടോബർ, 1985 ഫെബ്രുവരി, 1991 ഒക്​ടോബർ, 1992 ഡിസംബർ, 2011 ആഗസ്റ്റ്​, 2012 നവംബർ എന്നീ വർഷങ്ങളിലും ഇന്ത്യ അധ്യക്ഷ പദവി അലങ്കരിച്ചിരുന്നു.

രാജ്യത്തെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയില്‍ നിന്നുള്ള മുന്‍ സ്ഥിരം ക്ഷണിതാവ്​ സെയ്​ദ് അക്ബറുദ്ദീന്‍ പറഞ്ഞു. നമ്മുടെ നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ തല്‍പ്പരരാണെന്നത് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥാനലബ്ധിയില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം അറിയിച്ചു. ലോകം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - India takes over UN security council presidency for august

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.