ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കർമരേഖ പ്രധാനമന്ത്രി പാർലമെന്റിൽ വെക്കണമെന്ന് പ്രതിപക്ഷ നേതൃസംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
കലാപബാധിതമായ മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കണം. അക്രമം അവസാനിപ്പിച്ച് സാഹോദര്യം പ്രോത്സാഹിപ്പിക്കാൻ ഏറ്റുമുട്ടുന്ന സമുദായങ്ങളോട് ആവശ്യപ്പെടണം. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് 100 കിലോമീറ്റർ മാത്രം അകലെ, ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന്റെ കാര്യവും 31 അംഗ സംഘം രാഷ്ട്രപതി മുമ്പാകെ ഉന്നയിച്ചു. ഈയിടെ മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ സംഘത്തിലെ എം.പിമാരും രാഷ്ട്രപതിയെ കണ്ട നേതാക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് വിവിധ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതിയെ കണ്ടത്. സ്ത്രീകളെ നടുറോഡിൽ നഗ്നരാക്കി നടത്തിയ സംഭവം അടക്കമുള്ള അതിക്രമങ്ങൾ ചർച്ചാ വിഷയമായി.
മണിപ്പൂരിൽ 200ൽപരം പേർ കൊല്ലപ്പെട്ടു. 60,000ത്തിലധികം പേർക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വിഷമിക്കുകയാണ് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർ. മണിപ്പൂർ, ഹരിയാന സാഹചര്യങ്ങൾ രാഷ്ട്രപതിയോട് വിശദീകരിച്ചതായി കൂടിക്കാഴ്ചക്കുശേഷം മല്ലികാർജുൻ ഖാർഗെയും മറ്റു നേതാക്കളും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി പാർലമെന്റിനോട് സാഹചര്യങ്ങൾ വിശദീകരിക്കുകയോ വിശദ ചർച്ചക്ക് തയാറാവുകയോ ചെയ്യാത്ത പശ്ചാത്തലവും പറഞ്ഞു. കലാപത്തിന് ഉത്തരവാദി ആരൊക്കെയെന്ന് നിർണയിക്കണം. ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർവഹിക്കണമെന്ന് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അധിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, കനിമൊഴി, സുസ്മിത ദേവ്, മനോജ് ഝാ, ഇ.ടി. മുഹമ്മദ് ബഷീർ, എ.എ. റഹിം, ജോസ് കെ. മാണി, എൻ.കെ.പ്രേമചന്ദ്രൻ, മുഹമ്മദ് ഫൈസൽ, സുശീൽ കുമാർ ഗുപ്ത, രാജീവ് രഞ്ജൻ, തിരുച്ചി ശിവ തുടങ്ങിയവരായിരുന്നു രാഷ്ട്രപതിയെ കണ്ട സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.