യു.കെ,യു.എസ് പാദരക്ഷ അളവുകൾക്ക് വിട; 2025-ഓടെ ഇന്ത്യൻ അളവ് വരും

ഗുവാഹത്തി: പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നത് ഇനി ഓർമ്മയാകും. 2025-ഓടെ പാദരക്ഷകൾക്ക് ഇന്ത്യൻ അളവ് നടപ്പാക്കാനുള്ള നീക്കത്തിലാണ് ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.). ഇതി​െൻറ ഭാഗമായി രാജ്യവ്യാപകമായി പഠനം നടത്തി റിപ്പോർട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബി.ഐ.എസ്.) സമർപ്പിച്ചുകഴിഞ്ഞതായി സി.എസ്.ഐ.ആർ. ഡയറക്ടർ ജനറൽ എൻ. കലൈശെൽവി മാധ്യമങ്ങളോട് പറഞ്ഞു.

പഠനത്തി​െൻറ ഭാഗമായി അഞ്ചുമുതൽ 55 വയസ്സുവരെയുള്ള ഒരു ലക്ഷത്തിലേറെപേരെയാണ് വിവിധ സംസ്ഥാനങ്ങളിലെ 73 ജില്ലകളിൽനിന്ന് അഭിമുഖീകരിച്ചത്. ഇവരിൽ നിന്നെല്ലാം പാദരക്ഷാ അളവു സംബന്ധിച്ച കാര്യങ്ങൾ ​ചോദിച്ചറിഞ്ഞു. ഇന്ത്യക്കാരുടെ പാദങ്ങൾ വീതിയേറിയതാണ്. വിദേശികളുടേത് വീതി കുറഞ്ഞതാണ്‌. നീളത്തിനൊപ്പം അളവുകളും രൂപപ്പെടുത്തുമ്പോൾ പാദങ്ങളുടെ വീതിയും പ്രത്യേകം കണക്കാക്കേണ്ടിവരും. ഇതൊക്കെ പരിഗണിച്ചാണ് പുതിയ അളവ് വരിക.

ഇതിനു പുറമെ, ആരോഗ്യപ്രശ്നങ്ങൾ പരിഹാരിക്കുന്നതിനായുള്ള പാദരക്ഷകൾ ഒര​ുക്കുന്നതിലും സി.എൽ.ആർ.ഐ. പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കും. ഈ വിഷയത്തിൽ കൃത്യമായ അറിവുകൾ സ്വായത്തമാക്കുന്നതിനായി ഡോക്ടർമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സഹായം തേടും.

അസ്ഥിരോഗം, പ്രമേഹം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രയാസങ്ങൾ നേരിടുന്നവരെയാണിതിൽ പരിഗണിക്കുന്നത്. 10,000 ആളുകളിൽ പുതിയ പാദരക്ഷകളുടെ ഉപയോക്തൃ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും അതിനുശേഷം ഇന്ത്യൻ വലുപ്പത്തിലുള്ള പാദരക്ഷകൾ വിപണിയിൽ ലഭ്യമാക്കുമെന്നും സി.എൽ.ആർ.ഐ ഡയറക്ടർ അറിയിച്ചു. 

Tags:    
News Summary - India To Have Footwear With Specific Indian Sizing By 2025: CSIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.