ന്യൂഡൽഹി: എട്ട് യു.എസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി ഇന്ത്യ എടുത്തുകളയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെതുടർന്നാണ് നടപടി. വെള്ളക്കടല, പയർവർഗങ്ങൾ, ബദാം, വാൽനട്ട്, ആപ്പിൾ, ബോറിക് ആസിഡ്, ഡയഗ്നോസ്റ്റിക് റിയേജന്റുകൾ എന്നിവയുടെ അധിക തീരുവയാണ് ഒഴിവാക്കുക.
സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ച അമേരിക്കൻ നടപടിക്കുള്ള മറുപടിയായാണ് 2019ൽ ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ഉൽപന്നങ്ങളുടെ നികുതി അതിപ്രിയ രാജ്യങ്ങൾക്കുള്ള നികുതിയിലേക്ക് മാറ്റും.
ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട ആറ് തർക്കങ്ങൾ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. ദേശീയ സുരക്ഷയുടെ പേരുപറഞ്ഞാണ് അമേരിക്ക 2018ൽ സ്റ്റീൽ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചില അലുമിനിയം ഉൽപന്നങ്ങൾക്ക് 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്തിയത്.
ഇതിന് മറുപടിയായി 2019 ജൂണിൽ ഇന്ത്യ 28 അമേരിക്കൻ ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുകയായിരുന്നു. ഇന്ത്യയുടെ തീരുമാനത്തെ യു.എസ് നിയമ നിർമാതാക്കളും വ്യവസായികളും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.