ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾ രാജ്യത്ത് പ്രവേശിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ജാഗ്രത പുലർത്തുന്ന അതിർത്തി സുരക്ഷ സേന (ബി.എസ്.എഫ്) മുളക് സ്പ്രേയും തീവ്രശേഷിയുള്ള ഗ്രനേഡും പ്രയോഗിച്ചാണ് റോഹിങ്ക്യകളെ തുരത്തുന്നത്.
ഇന്ത്യയിൽ കഴിയുന്ന 40,000 അഭയാർഥികളെ പുറന്തള്ളാൻ ശ്രമിക്കുന്നതിനൊപ്പമാണ് കൂടുതൽപേർ രാജ്യത്ത് കടക്കാതിരിക്കാൻ കടുത്ത മാർഗം അവലംബിക്കുന്നത്. റോഹിങ്ക്യൻ അഭയാർഥികളെ അറസ്റ്റ് ചെയ്യുകയോ അവർക്ക് സാരമായ മുറിവേൽപ്പിക്കുകയോ ചെയ്യില്ലെന്നും അതേസമയം ഏത് മാർഗമുപയോഗിച്ചും ഇന്ത്യൻ മണ്ണിൽ പ്രവേശിക്കുന്നത് തടയുമെന്നും ബി.എസ്.എഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുളകുപൊടി പ്രയോഗത്തിലൂടെ അതിർത്തി മേഖലയിൽ നിരവധി അഭയാർഥികളെ തുരത്തിയതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
റോഹിങ്ക്യൻ അഭയാർഥികൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ പ്രതികരണം. അഭയാർഥികളിൽ ചിലർക്ക് പാകിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ ഇൗ ആഴ്ച സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.
മ്യാൻമറിലെ പട്ടാള അതിക്രമങ്ങളെതുടർന്ന് ആഗസ്റ്റ് 25 മുതൽ 4.2 ലക്ഷം റോഹിങ്ക്യൻ മുസ്ലിംകളാണ് ബംഗ്ലാദേശിലേക്ക് കുടിയേറിയത്. ഇവിടെ അഭയസ്ഥാനം കണ്ടെത്തുന്നതിലെ അപര്യാപ്തതകൾ മൂലമാണ് പലരും ഇന്ത്യയിലേക്ക് കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.