ഇന്ത്യൻ ദമ്പതികൾ യു.എസിൽ കൊല്ലപ്പെട്ട നിലയിൽ; ബാൽക്കണിയിൽ കരച്ചിലോടെ നാലുവയസുകാരി മകൾ

മുംബൈ: യു.എസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി (30) എന്നിവരെയാണ് അർലിങ്​ടൺ ബറോയിലെ വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.

നോർത്ത്​ ആർലിങ്​ടണിലെ അപാർട്​മെന്‍റിന്‍റെ ബാൽക്കണിയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ കരയുന്നതു കണ്ട്​ അയൽവാസികൾ നടത്തിയ പരിശോധനയിലാണ്​ ദമ്പതികളെ കുത്തേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തുന്നത്​.

ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജിയാണ്​ ഭാര്യയെ കുത്തി​യതെന്നും വീട്ടിൽ പിടിവലി നടന്നതിന്‍റെ സൂചനകൾ ഉണ്ടെന്നും ചില യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്​തിട്ട​ുണ്ട്​. പൊലീസ്​ അന്വേഷണം നടത്തുകയാണെന്നും അതിന്‍റെ റിപ്പോർട്ടുകൾ വന്നാൽ മാത്രമെ മരണകാരണം വ്യക്​തമാകൂവെന്നും അ​ന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മരണവിവരം തങ്ങൾ വ്യാഴാഴ്ചയാണ്​ അറിഞ്ഞതെന്ന്​ ബാലാജിയുടെ പിതാവ്​ ഭരത് രുദ്രവാർ വാർത്താ ഏജൻസിയോട്​ പറഞ്ഞു. 'ഞങ്ങൾ അവർക്കൊപ്പം യു.എസിൽ ഉണ്ടായിരുന്നു. വീണ്ടും അവി​ടേക്ക്​ പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ്​ ഈ ദുരന്തവാർത്ത. വളരെ സന്തോഷ​ത്തോടെയാണ്​ എന്‍റെ മകനും കുടുംബവും ജീവിച്ചിരുന്ന​ത്​. സ്​നേഹമുള്ള അയൽക്കാർക്ക്​ നടുവിലായിരുന്നു അവർ. എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ല'- ഭരത് രുദ്രവാർ പറഞ്ഞു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാനാകും. നാലുവയസുകാരിയായ മകൾ ഇപ്പോൾ ബാലാജിയുടെ സുഹൃത്തിനൊപ്പമാണെന്നും ഭരത് പറഞ്ഞു.

സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജിയും ആരതിയും 2014 ലാണ്​ വിവാഹിതരാകുന്നത്​. 2015 ൽ ബാലാജിക്ക്​ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയിൽ ലഭിക്കുന്നതിനെ തുടർന്ന്​ ഇരുവരും യു.എസിലേക്ക്​ പോകുന്നത്​.

Tags:    
News Summary - indian couple was found dead at their home in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.