ന്യൂഡൽഹി: മോദിസർക്കാറിനും ബി.ജെ.പിക്കും കീഴിൽ ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പിൽ തോറ്റവരും തോറ്റ പാർട്ടിക്ക് വോട്ടു ചെയ്തവരും പൗരന്മാർ അല്ലാതാവുന്നില്ലെന്ന് സോണിയ സർക്കാറിനെ ഓർമിപ്പിച്ചു. 130 കോടിയെ പ്രതിനിധാനംചെയ്യുന്നുവെന്ന് പറയാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി വിയോജിപ്പുള്ളവരെ രാഷ്ട്രീയ പ്രതിയോഗികൾ മാത്രമായി കാണുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സോണിയ പറഞ്ഞു.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെല്ലാം ജനാധിപത്യ അവകാശങ്ങളില്ലാത്ത രണ്ടാംകിട പൗരന്മാർ മാത്രം. എന്നാൽ, മൗലികാവകാശം വോട്ടുചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് സർക്കാറും ഭരണകക്ഷിയും ഓർക്കണം. ജനാധിപത്യത്തെ അർഥശൂന്യമാക്കുകയാണ് ഭരണകൂടം. രാഷ്്ട്രീയ പ്രതിയോഗികളെയും പൗരസമൂഹ നേതാക്കളെയും ഉന്നമിടാൻ സ്ഥാപനങ്ങളെ ദുരുപയോഗിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കി അടിച്ചമർത്തുന്നു.
വിയോജിപ്പുകളെ ഭീകരതയോ ദേശവിരുദ്ധ പ്രവർത്തനമോ ആയി മുദ്രകുത്തുന്നു. ദേശസുരക്ഷ ഭീഷണിയുടെ പേരുപറഞ്ഞ് ജനങ്ങളുടെ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണ്. തങ്ങളെ എതിർക്കുന്ന ഓരോന്നിലും ഗൂഢാലോചന ആരോപിക്കുന്നു. എതിർക്കുന്നവരെ നേരിടാൻ ഭരണകൂടത്തിെൻറ ഓരോ ഭാഗവും ദുരുപയോഗിക്കുന്നു. പൊലീസ്, എൻ.ഐ.എ, എൻഫോഴ്സ്മെൻറ് എന്നിവയെല്ലാം പ്രധാനമന്ത്രി-ആഭ്യന്തര മന്ത്രി ഓഫിസുകളുടെ താളത്തിനൊത്തു തുള്ളുന്നു.
കാമ്പസിലും പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഉയർന്ന പ്രതിഷേധങ്ങളെ, രാജ്യത്തിനെതിരായ ഗൂഢാലോചനയായി ചിത്രീകരിക്കുകയാണ് സർക്കാർ ചെയ്തത്. അഭിപ്രായം പറഞ്ഞ പ്രമുഖരെപ്പോലും പെടുത്തി. കോൺഗ്രസ് സർക്കാറിനെയും കാലാകാലങ്ങളിൽ വിമർശിച്ചിട്ടുള്ളവരാണ് അവർ. അനന്തര ഫലം നോക്കാതെ സ്വേഛാധിപത്യം നടപ്പാക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.