ന്യൂഡൽഹി: റെയിൽവേയുടെ പ്രധാന അറ്റകുറ്റപ്പണികൾ ഇനി ഞായറാഴ്ചകളിൽ. അതനുസരിച്ച് വാരാദ്യം ട്രെയിനുകൾ വൈകിയെന്നു വരും. ആഗസ്റ്റ് 15 മുതൽ റെയിൽവേ ടൈംടേബിൾ അതനുസരിച്ച് ക്രമീകരിക്കും. ഭക്ഷണ സമയത്താണ് ഇങ്ങനെ വൈകുന്നതെങ്കിൽ, റിസർവ് ചെയ്ത യാത്രക്കാർക്കെല്ലാം സൗജന്യ ഭക്ഷണവും വെള്ളവും നൽകും.
തടസ്സപ്പെടാൻ ഇടയുള്ള ട്രെയിനുകളുടെ പട്ടിക പ്രത്യേകമായി തയാറാക്കും. എസ്.എം.എസ്, പത്രപരസ്യം എന്നിവ വഴി വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കും. ജി.പി.എസ് ക്രമീകരണവും ഏർപ്പെടുത്തും.
ട്രെയിൻ എവിടെ എത്തിയെന്ന് അതിൽനിന്ന് യാത്രക്കാരന് അറിയാം. ട്രെയിൻ നമ്പർ ടൈപ് ചെയ്താൽ കിട്ടുന്ന വിധം റെയിൽവേ വെബ്സൈറ്റിൽ അത് ലഭ്യമാക്കും.
ആറും ഏഴും മണിക്കൂറുകൾ വേണ്ടിവരുന്ന അറ്റകുറ്റപ്പണികളാണ് ഞായറാഴ്ചകളിൽ നടത്തുക. ചെറിയ പണികൾ എല്ലാ ദിവസവും നടക്കും. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് അഖിലേന്ത്യ തലത്തിൽ നടപ്പാക്കുന്ന മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. എല്ലാ സോണുകളിലും പ്രധാന അറ്റകുറ്റപ്പണി ഞായറാഴ്ചയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൈം ടേബിൾ പുനഃക്രമീകരിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ.
റെയിൽ കോച്ച് ഫാക്ടറികളിൽ ഉൽപാദനം വർധിപ്പിക്കാനും റെയിൽവേ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. അടുത്ത മാർച്ച് 31നകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലറ്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.