ഇന്ത്യയല്ല, ഭാരത്; ഇന്ത്യ എന്ന പേര് വെട്ടി റെയിൽവേയും

ന്യൂഡൽഹി: ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കി റെയിൽവേ മന്ത്രാലയവും. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് ആക്കണമെന്നാവശ്യപ്പെട്ട് എൻ.സി.ഇ.ആർ.ടി രംഗത്തെത്തിയതിന് പിന്നാലെയാണ് റെയിൽവേയുടെയും തിരുത്ത്. റെയിൽവേ മന്ത്രാലയത്തിന്‍റെ ശിപാർശ ഫയലുകളിലാണ് രാജ്യത്തിന്‍റെ പേര് പരാമർശിക്കുന്നിടത്ത് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിത്.

ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും പരാമർശിച്ചിട്ടുണ്ടെന്നും അതിനാൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ രാഷ്ട്രതലവൻമാർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ ഔദ്യോഗിക വിരുന്നിന്‍റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തിൽ പരാമർശിച്ചിരുന്നത്.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇൻഡ്യ എന്നാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇൻഡ്യ എന്ന പേര് കൊളോണിയൽ കാലത്തെ സൂചിപ്പിക്കുന്നതാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

ഇന്ത്യയും ഭാരതും തമ്മിൽ വ്യത്യാസമില്ലെന്നും അത്തരം വ്യത്യാസമുള്ളത് വെറിപിടിച്ച ചില മനുഷ്യന്മാരുടെ മനസിലാണെന്നും എൻ.സി.ആർ.ടിയിലെ പേരുമാറ്റവുമായി ബന്ധപ്പെട്ട വാക്പോരിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. "നമ്മുടെ രാജ്യത്ത് ഇന്ത്യയെന്നാണോ ഭാരതമെന്നാണോ അഭിസംബോധന ചെയ്യേണ്ടത് എന്ന വിഷയത്തിൽ പലവിധത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്. പക്ഷേ യഥാർത്ഥത്തിൽ അവ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം? ഇന്ത്യയും ഭാരതവും തമ്മിൽ യാതൊരു വിധ വ്യത്യാസവുമില്ല. ഈ രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണ്. കൊളോണിയൽ ഭരണകാലത്താണ് ഇംഗ്ലീഷുകാർ രാജ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്. ഭരണഘടന ഇന്ത്യക്കും ഭാരതത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്" -എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

അതേസമയം എൻ.സി.ഇ.ആർ.ടിയുടെ നിർദേശം ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യ എന്ന വാക്ക് ഭാരതം പോലെ തന്നെ അഭിമാനം ഉണർത്തുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു. പേര് മാറ്റുന്നത് ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണെന്നും സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ് പലതും നിർദ്ദേശിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. ഇൻഡ്യ സഖ്യത്തോടുള്ള പ്രധാനമന്ത്രിയുടെ ഭയമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു. 

Tags:    
News Summary - Indian Railway's official document replaced India with Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.