ലണ്ടൻ: സൈക്കിളിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിനി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സിൽ പി.എച്ച്.ഡി വിദ്യാർഥിയായിരുന്ന ചീസ്ത കൊച്ചാർ (33) ആണ് മരിച്ചത്. നേരത്തെ നിതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ മരണവാർത്ത നിതി ആയോഗ് മുൻ സി.ഇ.ഒ അമിതാബ് കാന്ത് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മാർച്ച് 19ന് രാത്രി 8.30നായിരുന്നു അപകടം. മാലിന്യവുമായി പോകുന്ന ലോറിയാണ് സൈക്കിളിൽ ഇടിച്ചത്. അപകടം നടക്കുമ്പോൾ ഭർത്താവ് പ്രശാന്ത് സമീപമുണ്ടായിരുന്നു. ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചീസ്ത കൊച്ചാർ കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടനിലേക്ക് പി.എച്ച്.ഡി പഠനത്തിനായി പോയത്.
ഡൽഹി യൂനിവേഴ്സിറ്റി, അശോക യൂനിവേഴ്സിറ്റി, പെൻസിൽവാനിയ യൂനിവേഴ്സിറ്റി, ഷിക്കാഗോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ച കൊച്ചാർ 2021-23 കാലഘട്ടത്തിലാണ് നിതി ആയോഗിന്റെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂനിറ്റിൽ സീനിയർ ഉപദേശകയായി പ്രവർത്തിച്ചത്. സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറൽ ഡോ. എസ്.പി കൊച്ചാറിന്റെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.