അഞ്ജു രാജ്യത്തിന് നാണക്കേട്, അവൾ ഇന്ത്യ വിട്ട നിമിഷം എല്ലാ ബന്ധവും ഞങ്ങൾ മുറിച്ചു -പിതാവ്

ഗ്വാളിയോർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട പാക് സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന അഞ്ജുവുമായി ഇനി ഒരു ബന്ധവും തങ്ങൾക്കില്ലെന്ന് അഞ്ജുവിന്റെ പിതാവ് ഗയാ പ്രസാദ്. അവൾ രാജ്യത്തിന് നാണക്കേടാണെന്നും ഇന്ത്യ വിട്ട നിമിഷം അവളുമായുള്ള എല്ലാ ബന്ധങ്ങളും തങ്ങൾ വിച്ഛേദിച്ചുവെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഗയാ പ്രസാദ് പറഞ്ഞു.

‘ഞങ്ങൾക്ക് അവളുമായി (അഞ്ജു) ഒരു ബന്ധവുമില്ല. അവൾ ഇന്ത്യ വിട്ട നിമിഷം, അവളുമായുള്ള എല്ലാ ബന്ധങ്ങളും ഞങ്ങൾ വിച്ഛേദിച്ചു. ആ സമയം മുതൽ അവൾ ഞങ്ങളുടെ മകളല്ല. എന്റെ മകൾക്ക് ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവൾ ചെയ്തത് വളരെ ലജ്ജാകരമാണ്. അവൾ അവിടെ വിവാഹം കഴിക്കുന്നു​ണ്ടെങ്കിൽ കഴിക്കട്ടെ.. എന്തുവേണമെങ്കിലും ചെയ്യട്ടെ’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, യുവതി മതം മാറി പാക് യുവാവിനെ വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ അഞ്ജു (34), ഫാത്തിമ എന്നു പേര് സ്വീകരിച്ച് 29കാരനായ സുഹൃത്ത് നസ്റുല്ലയെയാണ് വിവാഹം ചെയ്തത്. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അപ്പർ ദർ ജില്ലയിലെ വിദൂര ഗ്രാമത്തിലേക്കാണ് ഔദ്യോഗിക അനുമതിയോടെ അഞ്ജു സഞ്ചരിച്ചിരുന്നത്.

യു.പിയിൽ ജനിച്ച് രാജസ്ഥാനിൽ താമസിച്ച ഇവർ 2019 മുതൽ ഫേസ്ബുക്കിൽ പരിചയത്തിലായ സുഹൃത്തിനെ കാണാൻമാത്രമാണ് പോകുന്നതെന്നും വിവാഹിതരാകില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച ശേഷം മതപരമായ ചടങ്ങുകളോടെ വിവാഹിതരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

15ഉം 6ഉം വയസ്സുള്ള രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ ഇവർക്ക് 30 ദിവസത്തേക്കാണ് പാക് വിസ അനുവദിച്ചിരുന്നത്. വിസ തീരുന്ന മുറക്ക് ആഗസ്റ്റ് 20ന് തിരിച്ചുവരുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ബിരുദധാരിയായ നസ്റുല്ലയെ വിവാഹം കഴിച്ച യുവതി ഇനി തിരിച്ചുവരുമോയെന്ന് വ്യക്തമല്ല. ജയ്പൂരിലേക്കെന്നു പറഞ്ഞാണ് വീടുവിട്ടതെന്നും പിന്നീടാണ് പാകിസ്താനിലാണെന്ന് അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.

നേരത്തെ നാലു മക്കളുടെ അമ്മയായ പാക് യുവതി സീമ ഹൈദർ സമാന സംഭവത്തിൽ ഇന്ത്യയിലെത്തി 22കാരനായ സചിനെ വിവാഹം ചെയ്തിരുന്നു. ഇരുവരും ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിലാണ് താമസം.

Tags:    
News Summary - Indian Women Anju In Pakistan: We don't have any relations with her -father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.