ന്യൂഡൽഹി: ആശങ്കക്കിടയാക്കി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. തൊട്ടു മുമ്പത്തെ കേസുകളെക്കാൾ 54 ശതമാനം വർധനയാണ് ഒറ്റയടിക്കുണ്ടായത്. ഒമിക്രോൺ ബാധിതരുടെ എണ്ണം 2,135 ആയി. 235 പേർക്ക് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 6.3 മടങ്ങ് വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 29ന് 0.79 ശതമാനമായിരുന്നു രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജനുവരി അഞ്ചിന് ഇത് 5.03 ശതമാനത്തിലെത്തി. 28 ജില്ലകളിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലും 43 ജില്ലകളിൽ അഞ്ചുശതമാനത്തിനു മുകളിലും എത്തിയതായും ആരോഗ്യ ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വർത്തസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട്, കർണാടക, ഝാർഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.108 ഒമിക്രോൺ മരണങ്ങളാണ് ഇതുവരെ ലോകത്തുണ്ടായത്. രാജസ്ഥാനിലെ ഉദയ്പുരിൽ ഒരാഴ്ച മുമ്പ് 73കാരൻ മരിച്ചത് ഒമിക്രോണുമായി ബന്ധപ്പെട്ടാണെന്നും ലവ് അഗർവാൾ അറിയിച്ചു. കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ആദ്യ ഒമിക്രോൺ മരണമാണിത്.
മഹാരാഷ്ട്രയിൽ 18,466 ഉം ഡൽഹിയിൽ 10,665 ഉം പശ്ചിമ ബംഗാളിൽ 9,073 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബിഹാർ മന്ത്രിസഭയിലെ അഞ്ചുപേർക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കേസുകൾ ഉയർന്നതോടെ താജ്മഹൽ പ്രവേശനത്തിനുള്ള ടിക്കറ്റ് കൗണ്ടർ അടച്ചു. താജ്മഹലിലേക്ക് ഓൺലൈൻ വഴി മാത്രമെ ടിക്കറ്റ് ലഭ്യമാവൂ. കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ വാക്സിന് (മൂക്കില്‍ കൂടിയുള്ളത്) മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിദഗ്ധ സമിതി അനുമതി നൽകി.
കേസുകൾ കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ വലിയ റാലികൾ നടത്തുന്നത് കോൺഗ്രസ് ഉപേക്ഷിച്ചു. വ്യാഴാഴ്ച നോയിഡയിൽ നടത്താനിരുന്ന റാലി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.