പാക് വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയുടെ ക്ഷണം

ന്യൂഡൽഹി: പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്ക് ഇന്ത്യയിലേക്ക് ക്ഷണം. മെയിൽ ഗോവയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബിലാവൽ ഭൂട്ടോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

ഇന്ത്യയുമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയുടെ ക്ഷണം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈ കമീഷൻ വഴി പാക് വിദേശകാര്യ മന്ത്രിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തിൽ പങ്കെടുക്കുന്നതിനായി മെയ് ആദ്യവാരം ഗോവ സന്ദർശിക്കാനാണ് ക്ഷണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്ഷണം പാകിസ്താൻ സ്വീകരിക്കുകയാണെങ്കിൽ, ഒരു പാക് വിദേശകാര്യ മന്ത്രിയുടെ 12 വർഷത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാകും അത്. 2011 ജൂലൈയിൽ ഹിന റബ്ബാനി ഖർ ആയിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ച പാക് വിദേശകാര്യ മന്ത്രി. 2015 ആഗസ്റ്റിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി സർതാജ് അസീസിന് ഇന്ത്യ ക്ഷണം നൽകിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.

ഇന്ത്യക്കും പാക്കിസ്താനും പുറമെ ചൈന, റഷ്യ, ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടുന്നതാണ് എസ്‌.സി.ഒ. മധ്യേഷ്യൻ രാജ്യങ്ങൾക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർക്കും ക്ഷണമുണ്ട്.

Tags:    
News Summary - India's invitation to Pakistan's foreign minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.