ജമ്മു: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. നിയന്ത്രണ രേഖയോട് ചേര്‍ന്ന് നൗഷേര, ആര്‍.എസ് പുര മേഖലകളിലേക്കാണ് ഇന്ത്യന്‍ സേനക്കും ഗ്രാമവാസികള്‍ക്കും നേരെ മോര്‍ട്ടാര്‍ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഭാഗത്തുനിന്ന് നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍െറ രണ്ടോ മൂന്നോ സൈനികര്‍ കൊല്ലപ്പെട്ടു.
രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ പ്രകോപനമില്ലാതെ വെടിവെപ്പു തുടര്‍ന്നു.
82 എം.എം, 120 എം.എം മോര്‍ട്ടാര്‍ ഷെല്ലുകളും തോക്കും ഉപയോഗിച്ചാണ് പാക് സൈനികര്‍ ആക്രമണം തുടര്‍ന്നത്. അതിന് നല്‍കിയ തിരിച്ചടിയിലാണ് രണ്ടോ മൂന്നോ പാക് സൈനികര്‍ കൊല്ലപ്പെട്ട വിവരം ലഭിച്ചതെന്ന് സേനാ ഓഫിസര്‍ പി.ടി.ഐയോട് പറഞ്ഞു.
ആര്‍.എസ് പുരയില്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തിലെ ആറു പേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർക്ക് ആര്‍.എസ് പുര ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി ജമ്മു ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ സിംറാന്‍ദീപ് സിങ് പറഞ്ഞു. പാക് റേഞ്ചര്‍മാര്‍ സിവിലിയന്മാരെ ലക്ഷ്യമിട്ട് വെടിവെപ്പു നടത്തിയതായി ബി.എസ്.എഫ് വക്താവ് അറിയിച്ചു.
ഭീകരവാദി ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം 40 തവണയിലേറെ പാകിസ്താന്‍ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.