ന്യൂഡൽഹി: അടിയന്തരാവസ്ഥയും ഒാപറേഷൻ ബ്ലൂസ്റ്റാറും (പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽനിന്ന് ഭീകരരെ ഒഴിപ്പിക്കാൻ നടത്തിയ സൈനിക നടപടി) ഇന്ദിര ഗാന്ധിക്ക് സംഭവിച്ച വലിയ പിഴവുകളായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. നട്വർ സിങ്. ഇത് മാറ്റിനിർത്തിയാൽ കരുത്തുറ്റ ഭരണാധികാരിയും മികച്ച മാനുഷിക പരിഗണനകളുള്ള വ്യക്തിയുമായിരുന്നു ഇന്ദിര. എല്ലായ്പോഴും കർക്കശക്കാരിയായി അവർ വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ, പ്രതാപിയായിരിക്കുേമ്പാൾ തന്നെ അധികമാരും അറിയാത്ത സ്നേഹത്തിെൻറയും കരുതലിെൻറയും മനോഹരമായ ജീവിതവശവും അവർക്കുണ്ടായിരുന്നു. ‘അമൂല്യ ലിഖിതങ്ങൾ’ എന്നപേരിൽ പുറത്തുവരുന്ന നട്വർ സിങ്ങിെൻറ പുതിയ പുസ്തകത്തിലാണ് ഇൗ പരാമർശങ്ങൾ. ലോകത്തെ പ്രമുഖ വ്യക്തികൾ നട്വർ സിങ്ങിന് അയച്ച കത്തുകളുടെ സമാഹാരംകൂടിയാണ് പുസ്തകം.
1966-71 കാലഘട്ടത്തിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥനായിരുന്ന നട്വർ സിങ് 1980ൽ കോൺഗ്രസിൽ ചേരുകയും തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. വിദേശരാജ്യങ്ങളിലെ സ്ഥാനപതിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രിപദവും വഹിച്ചിട്ടുണ്ട്. 1980ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെ അന്ന് പാകിസ്താനിൽ ഹൈകമീഷണറായിരുന്ന നട്വർ സിങ്ങിന് ഇന്ദിര അയച്ച കത്തും പുസ്തകത്തിലുണ്ട്.
ജനങ്ങളുടെ പ്രതീക്ഷകൾ വലുതാണ്. എന്നാൽ, രാഷ്ട്രീയ-സാമ്പത്തികാവസ്ഥ വളരെ സങ്കീർണവും. ഞാൻ എത്ര ശുഭാപ്തി പ്രകടിപ്പിച്ചിട്ടും ഫലമില്ല, നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അങ്ങേയറ്റം ക്ഷമയോടെ കുത്തനെയുള്ള കയറ്റം കയറി മുകളിലെത്തണമെന്നും അവിടെനിന്ന് വീണ്ടും പുരോഗതിക്ക് തുടക്കമിടണമെന്നും ആ കത്തിൽ ഇന്ദിര എഴുതി.
ഇന്ത്യ വിഭജനം എന്ന ആശയം മൗണ്ട്ബാറ്റണ് മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് താനാണെന്ന് സി. രാജഗോപാലാചാരി തന്നോട് പറഞ്ഞതായും നട്വർ സിങ് വെളിപ്പെടുത്തുന്നു. മഹാത്മഗാന്ധി വിഭജനത്തിന് എതിരല്ലേയെന്ന് നട്വർ സിങ് പറഞ്ഞപ്പോൾ, ഗാന്ധി മഹാനായ വ്യക്തിയാണെന്നും പ്രതീക്ഷിച്ചതിൽനിന്ന് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നതിൽ നിരാശനാണ് അദ്ദേഹമെന്നും രാജഗോപാലാചാരി പറഞ്ഞു. നിങ്ങളെല്ലാം വിഭജനത്തിന് അനുകൂലമെങ്കിൽ താനും കൂടെയുണ്ടാകുമെന്നു പറഞ്ഞ് ഗാന്ധി പിറ്റേ ദിവസംതന്നെ ഡൽഹിക്ക് മടങ്ങിയെന്നും രാജഗോപാലാചാരി പറഞ്ഞതായി നട്വർ സിങ് എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.