ന്യൂഡൽഹി: യുദ്ധത്തിൽ കുടുങ്ങിയ പശ്ചിമേഷ്യയിലെ മനുഷ്യർക്ക് ജീവകാരുണ്യ സഹായമെത്തിക്കാൻ ഇടപെടണമെന്ന് ന്യൂഡൽഹിയിൽ സമാപിച്ച ജി20 രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനമായ ‘പി20’യിൽ ഇന്തോനേഷ്യ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് ഇന്തോനേഷ്യ ഇത്തരമൊരു ആവശ്യം സമ്മേളനത്തിലുന്നയിച്ചത്. അതേസമയം, ഏതു തരത്തിലുള്ള ഭീകരവാദത്തെയും ഇന്ത്യ ശക്തമായി അപലപിച്ചു.
ഇസ്രായേലിനെയും ഹമാസിനെയും പരാമർശിക്കാതെയായിരുന്നു ഇന്തോനേഷ്യ പശ്ചിമേഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഭീകരത സമാധാനത്തിനും വികസനത്തിനും തടസ്സമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. കൂട്ടായ നിശ്ചയദാർഢ്യത്തിലൂടെ ഭീകരതയുടെ എല്ലാ ഉറവിടങ്ങളെയും പരാജയപ്പെടുത്താൻ ഇന്ത്യ ആഹ്വാനം ചെയ്തു.
ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾക്ക് അംഗരാജ്യങ്ങൾ നിയമപ്രാബല്യം നൽകുന്നത് പാർലമെന്റുകളായതുകൊണ്ടാണ് ‘പി20’ സമ്മേളനത്തിന് പ്രാധാന്യമേറുന്നതെന്ന് ഞായറാഴ്ച വിളിച്ചുചേർത്ത സമ്മേളനത്തിൽ സ്പീക്കർ ഓം ബിർള വ്യക്തമാക്കി.
അന്തർദേശീയ വിഷയമല്ലാത്ത മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ പാർലമെന്റുകൾ ചർച്ച ചെയ്യരുതെന്ന് ജി20 രാജ്യങ്ങളിലെ സ്പീക്കർമാർ സമവായത്തിലെത്തി. എല്ലാ രാജ്യങ്ങളുടെയും സമവായത്തോടെ സംയുക്ത പ്രസ്താവന ഇറക്കാനായത് വലിയ നേട്ടമായി കരുതുന്നു.
നിർമിത ബുദ്ധി സുരക്ഷിതമാക്കണമെന്നും ഇതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു. സമ്മേളനത്തിലെ സ്ത്രീസമത്വ ചർച്ച സാർഥകമായിരുന്നു. സമ്മേളനം ദേശീയ, അന്തർദേശീയ തലങ്ങളിൽ എത്തിച്ചതിന് സ്പീക്കർ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞു.
പി20 വേദിയിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കാനാകാത്തതുകൊണ്ടാണ് പ്രത്യേക വാർത്തസമ്മേളനം വിളിച്ചതെന്ന് സ്പീക്കർ പറഞ്ഞു. ജി20 രാജ്യങ്ങൾക്ക് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ടതടക്കം 29 രാജ്യങ്ങളിൽനിന്ന് സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരും ചെയർപേഴ്സന്മാരുമായി 37 പേർ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.