ഇൻഡോർ ക്ഷേത്രക്കിണറിലെ അപകടം: ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിനുള്ളിലെ കിണറിന്റെ സ്ലാബ് തകർന്ന് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ക്ഷേത്രം അധികൃതർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. ​ക്ഷേത്ര ഭരണ സമിതി പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതെന്ന് ​ഇൻഡോർ പൊലീസ് കമ്മീഷണർ മക്രന്ദ് ഡിയോസ്കർ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയിട്ടുണ്ട്. കാണാതായ ആൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ഇൻഡോറിലെ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിലവിൽ രക്ഷാ പ്രവർത്തനത്തിനാണ് മുൻഗണന. പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ ആശ്വാസ സഹായവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ചികിത്സാ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് ഇത്തരത്തിലുള്ള സ്റ്റെപ്പ് വെല്ലുകളെയും കുഴൽക്കിണറുകളെയും കുറിച്ചുള്ള വിവര ശേഖരണം നടത്തും’ -ശിവ് രാജ് സിങ് ചൗഹാൻ വ്യക്തമാക്കി.

ഇൻഡോറിലെ ബലേശ്വർ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. രാമ നവമി ആഘോഷത്തോടനുബന്ധിച്ചുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് കിണർ മൂടിയ സ്ലാബ് തകർന്നുവീണത്. സ്ലാബിൽ കയറി നിൽക്കാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തയിനിടയാക്കിയതെന്നാണ് കരുതുന്നത്.

സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രം ഇൻഡോറിലെ സ്നേഹ് നഗറിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ കിണറിനു മുകളിൽ സ്ലാബിട്ട് അത് നിലം പോലെ ഉപയോഗിക്കാറുണ്ട്. എന്നാൽ ആഘോഷ ദിവസത്തിൽ 40 ​ലേറെ പേർ ആ സ്ലാബിൽ കയറിയാതാണ് അപകടത്തിനിടയാക്കിയത്. സ്ലാബ് തകർന്ന് 40 അടി താഴ്ചയുള്ള കിണറിലേക്കാണ് ആളുകൾ വീണത്.

Tags:    
News Summary - Indore temple mishap: Death toll rises to 36, case registered against officials of temple administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.