ന്യൂഡൽഹി: തെലുങ്ക് സിനിമയായ 'പുഷ്പ' കണ്ട് പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാങ്കിർപൂർ സ്വദേശിയായ ഷിബു (24) ആണ് കൊല്ലപ്പെട്ടത്. ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ (ബി.ജെ.ആർ.എം) ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിബു പിന്നീട് മരിച്ചു. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷിബുവുമായി സംഘം വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കുറ്റകൃത്യങ്ങൾ നടത്താൻ പ്രതികൾ 'ബദ്നാം ഗ്യാങ്' എന്ന സംഘം രൂപീകരിച്ചതായി പൊലീസ് കണ്ടെത്തി.
പുഷ്പ സിനിമയിലെ നായകന്‍റെ പ്രകടനങ്ങളിൽ നിന്നുണ്ടായ പ്രചോദനമാണ് സംഘം രൂപീകരിക്കാനും കുറ്റകൃത്യം നടത്താനും പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി. സമൂഹത്തിൽ സ്വാധീനമുറപ്പിക്കാൻ പ്രതികൾ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതായും, പുഷ്പ, ബൗകാൽ പോലുള്ള സിനിമകളും, വെബ് സീരീസുകളും കുറ്റം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചതായും വടക്കുപടിഞ്ഞാറൻ ഡൽഹി ഡി.സി.പി ഉഷ രംഗ്നാനി പറഞ്ഞു. വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബാൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.