ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജൻസി ഓഫിസുകളിലും മൂന്നുമാസത്തിനകം സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അന്ത്യശാസനം നൽകി. നേരത്തെ സമയം നൽകിയിട്ടും സുപ്രീംകോടതി നിർദേശം പാലിക്കാത്ത കേന്ദ്രത്തിനും 26 സംസ്ഥാനങ്ങൾക്കുമെതിരെ ഈ ഘട്ടത്തിൽ കർശന നടപടി എടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, മൂന്നു മാസത്തിനകം സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശം നടപ്പാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാറിന് വേണ്ടി ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന സർക്കാറുകൾക്ക് വേണ്ടി ചീഫ് സെക്രട്ടറിമാരും വ്യക്തിപരമായി ഹാജരായി നടപടി നേരിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകി.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സിദ്ധാർഥ് ദവെ നൽകിയ റിപ്പോർട്ട് പ്രകാരം രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും രണ്ട് സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച രണ്ട് സുപ്രീംകോടതി നിർദേശങ്ങൾ പൂർണമായും നടപ്പാക്കിയെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു. സി.സി.ടി.വി കാമറക്കായുള്ള ബജറ്റ് വിഹിതം അനുവദിക്കാനും തുടർന്ന് അവ സ്ഥാപിക്കാനുമുള്ള ഈ രണ്ട് നിർദേശങ്ങൾ ഗോവയും മിസോറമും ആൻഡമാൻ നിക്കോബാർ ദ്വീപും ലഡാക്കും ആണ് പൂർണമായും നടപ്പാക്കിയത്. എന്നാൽ, സി.സി.ടി.വി സ്ഥാപിച്ചുവെന്ന് സിക്കിമും ആകെയുള്ള 892 പൊലീസ് സ്റ്റേഷനുകളിൽ 888ലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുവെന്ന് രാജസ്ഥാനും പിന്നീട് സത്യവാങ്മൂലം നൽകി. എന്നാൽ കേന്ദ്ര സർക്കാറും 26 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രണ്ട് നിർദേശങ്ങളും നടപ്പാക്കിയില്ല.
ഇത് ആർക്കെങ്കിലുമെതിരായ വിധിയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകളുടെയും അന്വേഷണ ഏജൻസി ഓഫിസുകളുടെയും സുതാര്യത പാലിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകുമ്പോൾ അവ പാലിക്കേണ്ട ബാധ്യതയുണ്ട്. ഈ ഘട്ടത്തിൽ കർശന നടപടി എടുക്കുന്നില്ലെന്നും എന്നാൽ, ഇപ്പോൾ അനുവദിക്കുന്ന മൂന്നു മാസം അവസാന അവസരമാണെന്നും കോടതി ഓർമിപ്പിച്ചു. ഇതിനകം റിപ്പോർട്ട് സമർപ്പിച്ചാലും ഇല്ലെങ്കിലും കേന്ദ്ര സർക്കാറും എല്ലാ സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും ജൂലൈ 18നകം സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ സത്യവാങ്മൂലം സമർപ്പിക്കണം.
കേന്ദ്ര അന്വേഷണ ഏജൻസി ഓഫിസുകളിൽ സുപ്രീംകോടതി വിധി നടപ്പാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായി നടപടി എടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കേണ്ടിവരും. സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിമാരാണ് ഇതുപോലെ ഹാജരാകേണ്ടി വരുകയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത ഏക സംസ്ഥാനം കേരളം. വിധി നടപ്പാക്കാത്ത കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും അന്ത്യശാസനം നൽകി പുറപ്പെടുവിച്ച ഉത്തരവിലാണ് സത്യവാങ്മൂലം സമർപ്പിക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. ഏഴ് കേന്ദ്ര അന്വേഷണ ഏജൻസി ഓഫിസുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടും നാല് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ ആത്മാർഥമായ ഒരു ശ്രമവും നടത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി ഹൃദയശൂന്യമാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി 21ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാർച്ച് 29നകം സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ വിഷയം ഗൗരവത്തോടെ എടുക്കുമെന്ന് മുന്നറിയിപ്പും നൽകി. എന്നിട്ടും കേരളം, രാജസ്ഥാൻ, സിക്കിം എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, ദാദ്ര- നാഗർഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും നിലവിലുള്ള സ്ഥിതി വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ തയാറായില്ല.
പിന്നീട് രാജസ്ഥാനും സിക്കിമും ലക്ഷദ്വീപും സത്യവാങ്മൂലം സമർപ്പിച്ചു. അതോടെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്ത ഏക സംസ്ഥാനം കേരളം മാത്രമായി.
മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും, ചോദ്യം ചെയ്യാനും അറസ്റ്റിനും അധികാരമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളായ എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സി.ബി.ഐ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇൻറലിജൻറ്സ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് തുടങ്ങിയവയുടെ ഓഫിസുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനായിരുന്നു 2018ലും തുടർന്ന് 2020ലും സുപ്രീംകോടതി വിധികളുണ്ടായത്. പ്രവേശന കവാടം, പുറത്തേക്ക് പോകുന്ന കവാടം, മെയിൻ ഗേറ്റ്, ലോക്കപ്, ഇടനാഴി, ലോബി, റിസപ്ഷൻ, ലോക്കപ്പിനുപുറത്തെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാനായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.