ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾ നൂപുർ ശർമയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

പ്രവാചക നിന്ദ: പ്രതികൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമയും ഡൽഹി മാധ്യമ വിഭാഗം മേധാവിയായിരുന്ന നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമാണ് ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതി​ഷേധങ്ങൾ അരങ്ങേറിയത്. ചിലയിടങ്ങളിൽ പൊലീസുമായി കല്ലേറുണ്ടായി. പലയിടത്തും പ്രതിഷേധക്കാർ നൂപുർ ശർമയുടെ കോലം കത്തിച്ചു.

പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതിനെ തുടർന്ന് പലയിടത്തും സംഘർഷമുണ്ടായി. ഡൽഹിയിൽ ജുമാമസ്ജിദിന് പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ജുമുഅ നമസ്കാരത്തിന് ശേഷം കൂട്ടമായെത്തിയ മുന്നൂറോളം പേർ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു. അതേസമയം, പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നും ആരാണ് ഇതാരംഭിച്ചതെന്നറിയില്ലെന്നും മസ്ജിദ് ഇമാം വിശദീകരിച്ചു. നമസ്കാരത്തിന് ശേഷം ചിലർ മുദ്രാവാക്യം മുഴക്കുകയും ആളുകൾ ഇതിനൊപ്പം ചേരുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാർഥികൾ നൂപുർ ശർമയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പഞ്ചാബിലെ ലുധിയാനയിൽ നടന്ന പ്രതിഷേധം

ഉത്തർപ്രദേശിലെ ഷഹരാൻപൂർ, മൊറാദാബാദ്,​ പ്രയാഗ് രാജ് തുടങ്ങിയ നിരവധി നഗരങ്ങളിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. പലയിടങ്ങളിലും കടകൾ അടച്ചിട്ടായിരുന്നു പ്രതിഷേധം. ലക്നൗ, കാൺപൂർ, ഫിറോസാബാദ് എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും റൂട്ട് മാർച്ച് നടത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച കാൺപൂരിൽ പ്രതിഷേധത്തിന്റെ ഭാഗമായി കടകൾ അടച്ചിടുന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. നാൽപതോളം​ പേർക്കാണ് ഇതിൽ പരിക്കേറ്റത്.

യു.പിയിലെ വൻ നഗരങ്ങളിലൊന്നായ പ്രയാഗ് രാജിൽ കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സംഘർഷാന്തരീക്ഷം തുടരുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഷഹരാൻപൂരിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് 36 പേരെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് മേധാവി ആകാശ് തോമർ അറിയിച്ചു. നഗരത്തിന്റെ ഒരു ഭാഗത്ത് പ്രതിഷേധക്കാർ ഒരുമിച്ച് കൂടുകയും കടകൾ അടപ്പിക്കുകയും ഇരുചക്ര വാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. മൊറാദാബാദിലും സമാന സ്ഥിതിയുണ്ടായി.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന പ്രതിഷേധം

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ രോഷാകുലരായ ജനക്കൂട്ടത്തെ നേരിടുന്നതിനിടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. കല്ലേറിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

പശ്ചിമ ബംഗാളിൽ കൊൽക്കത്ത പാർക് സർക്കസ് ഏരിയ, സമീപത്തെ ഹൗറ എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായെത്തി. ഹൗറയിൽ റോഡ് തടയുകയും പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തതിനെ തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. ഹൗറ-ഖരഗ്പൂർ ലൈനിലെ ചെങ്കൽ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധത്തെ തുടർന്ന് തെക്ക്-കിഴക്കൻ റെയിൽവേയിലെ ​ട്രെയിൻ സർവിസുകൾ തടസ്സപ്പെട്ടു.

ജമ്മുവിലെ ഭാദേർവയിലും കിഷ്ത്വാറിലെ ചില പ്രദേശങ്ങളിലും സംഘർഷാന്തരീക്ഷം ഉണ്ടായതോടെ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു. കശ്മീരിന്റെ മറ്റുചില ഭാഗങ്ങളിൽ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കശ്മീരിലെ ഭാദേർവ, കിഷ്ത്വാർ പട്ടണങ്ങളിലും ശ്രീനഗർ നഗരത്തിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. ഭാദെർവയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർ സുരക്ഷ സേനക്ക് നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്.

ഹൈദരാബാദിലെ മക്ക മസ്ജിദ് പരിസരം, അസീസിയ മസ്ജിദ് പരിസരം, പഞ്ചാബിലെ ലുധിയാന, കർണാടകയിലെ കലബുറഗി, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ നവി മുംബൈ, ശ്രീനഗറിലെ നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.

വിവാദ പരാമർശങ്ങളെ തുടർന്ന് ബി.ജെ.പി നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. പ്രവാചക നിന്ദക്കെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധിക്കുകയും ഇരുവർക്കുമെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. പല രാജ്യങ്ങളും ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ടപ്പോൾ ചിലയിടങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹികരിക്കണമെന്ന ആഹ്വാനവും ഉയർന്നു.

വിവാദ പരാമർശങ്ങൾ നടത്തി രണ്ടാഴ്ചക്ക് ശേഷമാണ് ഡൽഹി പൊലീസ് നൂപുർ ശർമക്കും നവീൻ ജിൻഡാലിനുമെതിരെ കേസെടുത്തത്. എന്നാൽ, ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിച്ചെന്നാരോപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, മാധ്യമപ്രവർത്തക സബ നഖ്‌വി എന്നിവർക്കെതിരെയും ഇതിനൊപ്പം കേസെടുത്തിരുന്നു.

Tags:    
News Summary - Insult to the Prophet: Nationwide protest demanding legal action against the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.