കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയോ മതം മാറുകയോ ചെയ്താൽ ആർക്കും ഇടപെടാൻ കഴിയില്ലെന്ന് കൽക്കത്ത ഹൈകോടതി. ഹിന്ദുമത വിശ്വാസിയായിരുന്ന 19 വയസ്സുകാരി മകൾ മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിനെ ചോദ്യം ചെയ്ത് ദുർഗാപുർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിലാണ് കോടതിയുടെ പരാമർശം. പ്രായപൂർത്തിയായ ഒരാൾ മതം മാറിയാൽ അതിൽ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 15ന് വീട്ടിൽനിന്നിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. അന്വേഷണത്തിൽ യുവതി മതം മാറുകയും മുസ്ലിം യുവാവിനെ വിവാഹം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് പിതാവ് മുരുതിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. തെൻറ മകളെ നിർബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നാണ് പിതാവ് ആരോപിച്ചത്.
തുടർന്ന് പൊലീസ് യുവതിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും പിതാവിെൻറ വീട്ടിലേക്ക് മടങ്ങാതിരിക്കുകയും ചെയ്താൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജിവ് ബാനർജി, ജസ്റ്റിസ് അരിജിത് ബാനർജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.