ന്യൂഡൽഹി: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ‘എല്ലാവരുടെയും നാഥൻ ഒന്ന്’ എന്ന പേരിൽ രാഷ്ട്രപതി ഭവനിൽ സർവ മത സമ്മേളനം സംഘടിപ്പിച്ചു. ആദ്യം ക്ഷണിച്ചെങ്കിലും പിന്നീട് ക്ഷണം റദ്ദാക്കിയ കാരണത്താൽ ക്രിസ്തുമത പ്രതിനിധികളായി ആരും സമ്മേളനത്തിൽ പങ്കെടുത്തില്ല. 10 നേതാക്കൾ വിവിധ വിശ്വാസ ധാരകളെ കുറിച്ച് സംസാരിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഉപസംഹാര പ്രസംഗം നടത്തി.
ഇസ്‍ലാമിനെ പ്രതിനിധീകരിച്ച് ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലീം എൻജിനീയർ സംസാരിച്ചു. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള പ്രതിനിധികൾക്കൊപ്പം ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി റഹ്മതുന്നീസ അസിസ്റ്റന്റ് സെക്രട്ടറിമാരായ വാരിസ് ഹുസൈൻ, ഡോ. ഇഖ്ബാൽ സിദ്ദീഖി തുടങ്ങിയവരും സംബന്ധിച്ചു.
ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അടക്കം നാലു പേരെയാണ് ഡൽഹി രൂപതയിൽ നിന്ന് ആദ്യം ക്ഷണിച്ചിരുന്നതെന്ന് ക്ഷണിക്കപ്പെട്ട ക്രിസ്ത്യൻ പ്രതിനിധികളിൽ ഒരാളായ എ.സി. മൈക്കിൾ പറഞ്ഞു. എന്നാൽ രണ്ട് ദിവസം മുമ്പ് തങ്ങൾക്കുള്ള ക്ഷണം റദ്ദാക്കിയെന്ന് അവർ അറിയിച്ചു. അനിൽ കൂട്ടോക്ക് സംസാരിക്കാൻ അവസരം നൽകാനാവില്ലെന്നും കാഴ്ചക്കാരനായി അദ്ദേഹത്തെ വിളിക്കുന്നതിൽ അസാംഗത്യമുണ്ടെന്നും അത് കൊണ്ടാണ് ക്ഷണം റദ്ദാക്കിയതെന്നുമാണ് സംഘാടകർ അറിയിച്ചത്. വിഷയം വിവാദമായതോടെ വീണ്ടും ക്ഷണിച്ചെങ്കിലും ക്രിസ്ത്യൻ പ്രതിനിധികൾ നിരസിച്ചു. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നേരത്തെ രാഷ്ട്രപതിയെ കണ്ട് അനിൽ കൂട്ടോ നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.