ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന വംശീയാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഡൽഹി ജാമിഅ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹക്ക് പരീക്ഷയെഴുതാൻ കർശന ഉപാധികളോടെ ജാമ്യം. ജൂൺ 13ന് രാവിലെ മുതൽ രണ്ടാഴ്ചത്തേക്കാണ് ഡൽഹി ഹൈകോടതി ഇടക്കാല കസ്റ്റഡി ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ ഡൽഹിയിൽ തന്നെയുള്ള ഏതെങ്കിലും ഹോട്ടലിൽ താമസിച്ച് പഠിച്ച് പരീക്ഷെയഴുതാനാണ് നിർദേശം. ജൂൺ 26ന് വൈകുന്നേരം തിരിച്ച് ജയിലിൽ എത്തണം. ജൂൺ 15 നാണ് പരീക്ഷ ആരംഭിക്കുന്നത്.
സർക്കാറിെൻറയും തൻഹയുടെയും അഭിഭാഷകർ തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച്, ജയിൽ സൂപ്രണ്ട് നിയോഗിച്ച രണ്ട് സുരക്ഷാ ഭടൻമാരുടെ കസ്റ്റഡിയിൽ കൽക്കാജിയിലെ ഹോട്ടലിൽ തൻഹ താമസിക്കും. ഭക്ഷണവും വാടകയും അടക്കം ഈ സമയത്തുള്ള മുഴുവൻ ചെലവുകളും തൻഹതന്നെ വഹിക്കണം. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹപാഠികളോ മറ്റാരെങ്കിലുമോ സന്ദർശിക്കാൻ പാടില്ല. പരീക്ഷ ഓൺലൈൻ ആയാണ് നടക്കുന്നതെന്നതിനാൽ ലാപ്ടോപ്, ഇൻറർനെറ്റ് കണക്ഷനുവേണ്ടിയുള്ള ഡോംഗിൾ, ബേസിക് മോഡൽ മൊബൈൽ ഫോൺ എന്നിവ ലഭ്യമാക്കാൻ കോടതി നിർദേശം നൽകി. പഠനത്തിനായല്ലാതെ മറ്റൊരാവശ്യത്തിനും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ലാപ്ടോപ്പിലെ ബ്രൗസിങ് ഹിസ്റ്ററി, മൊബൈൽ എസ്.എം.എസുകൾ, ഫോണിലെ കോൾ റെക്കോഡുകൾ എന്നിവ മായ്ച്ചുകളയാൻ പാടില്ല. ഹോട്ടലിൽ താമസിക്കുന്ന ഓരോ ദിവസവും വീട്ടുകാരുമായോ അഭിഭാഷകനുമായോ 10 മിനിറ്റ് വീതം സംസാരിക്കാൻ അനുമതിയുണ്ട്. ഇടക്കാല കസ്റ്റഡി ജാമ്യം തുടങ്ങുന്നതിനുമുമ്പുതന്നെ അപേക്ഷകനു വേണ്ട പുസ്തകങ്ങളും വായന, പഠന സാമഗ്രികളും സ്വീകരിക്കാൻ അനുമതിയുണ്ട്. ആവശ്യമെന്ന് തോന്നുന്നവ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധനക്ക് വിധേയമാക്കിയശേഷം ജയിൽ സൂപ്രണ്ട് വഴി സെല്ലിൽ എത്തിക്കാം.
ബി.എ (പേർഷ്യൻ) ബിരുദമാണ് തൻഹയുടേത്. പഠനവിഷയങ്ങൾ കണക്കിലെടുക്കുമ്പോൾ പുസ്തകങ്ങളും വായന സാമഗ്രികളും പേർഷ്യൻ അല്ലെങ്കിൽ അറബി ഭാഷയിലായിരിക്കാമെന്നും അവക്കുള്ള അനുമതി ആ കാരണത്താൽ മാത്രം തടയില്ലെന്നും കോടതി വ്യക്തമാക്കി. താൽക്കാലിക കസ്റ്റഡി ജാമ്യം വഴി തൻഹക്ക് നൽകിയിട്ടുള്ള കാവൽ സ്വാതന്ത്ര്യത്തെ ഒരുതരത്തിലും ദുരുപയോഗം ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. ഇടക്കാല കസ്റ്റഡി ജാമ്യത്തിൽ ചെലവഴിച്ച കാലയളവ് ജയിലിൽ കിടക്കുന്ന കാലഘട്ടമായി കണക്കാക്കപ്പെടും. പൗരത്വ ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിൽ നടന്ന ഡൽഹി വംശീയാതിക്രമത്തിെൻറ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം മേയ് 19 നാണ് തൻഹയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.