ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ഇ-ബുക്കിൽ പുലിവാല് പിടിച്ച് ആമസോൺ. 'മാസ്റ്റർസ്ട്രോക്ക്: 420 സീക്രട്ടസ് ദാറ്റ് ഹെൽപ്പ്ഡ് പി.എം ഇൻ ഇന്ത്യ എംപ്ലോയ്മെന്റ് ഗ്രോത്ത്' എന്ന പേരിൽ ആമസോണിൽ അപ്ലോഡ് ചെയ്യപ്പെട്ട ഇ-ബുക്കാണ് നെറ്റിസൺസിനിടയിൽ സംസാരവിഷയമായത്.
56 പേജുള്ള ബുക്കിന്‍റെ കവർ ചിത്രം മോദിയാണ്. എന്നാൽ, കവർ ചിത്രം ഒഴിച്ച് നിർത്തിയാൽ ബുക്കിനുള്ളിൽ ഒറ്റവരി പോലും ഇല്ല. പൂർണമായും ശൂന്യം. ബെറോസാഗർ ഭക്ത് എന്ന എഴുത്തുകരാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. ബെറോസാഗർ എന്നാൽ തൊഴിലില്ലാത്തയാൾ എന്നാണ് അർഥം.
തൊഴിലുകൾ വർധിപ്പിക്കാൻ മോദി എന്ത് ചെയ്തുവെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മഹാനായ നേതാവായ മോദി എങ്ങനെയാണ് രാജ്യത്തെ സഹായിച്ചത്. ഇന്ത്യയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിനായി മോദി ചെയ്ത കാര്യങ്ങൾ വിവരിക്കുകയാണ് പുസ്കത്തിലെന്നാണ് അതിന്‍റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുസ്തകം പുറത്ത് വന്നതോടെ അതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. പുസ്തകം വിൽപനക്കുവെച്ച ആമസോൺ ഇ-ബുക്ക്സിന്റെ കമന്‍റ് ബോക്സിലും ട്രോളുകൾ നിറഞ്ഞു. എന്തായാലും കാര്യങ്ങൾ കൈവിട്ടെന്ന് മനസിലായതോടെ പുസ്തകം പിൻവലിച്ച് ആമസോണും തലയൂരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.