ന്യൂഡൽഹി: ആര്യസമാജം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ് അസ്വീകാര്യമെന്ന് സുപ്രീംകോടതി. ''വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നത് ആര്യസമാജത്തിന്റെ പണിയല്ല. ഉത്തരവാദപ്പെട്ട അധികൃതരുടെ ജോലിയാണ്. യഥാർഥ സർട്ടിഫിക്കറ്റാണ് കോടതിയിൽ ഹാജരാക്കേണ്ടത്'' -ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് പോക്സോ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.പെൺകുട്ടി മൈനറല്ല, മേജറാണെന്നും പ്രതിയുമായി വിവാഹം നടന്നുവെന്നും വിശദീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ കാണിച്ച ആര്യസമാജ സർട്ടിഫിക്കറ്റ് സുപ്രീംകോടതി തള്ളി.
വിവാഹം നടത്തിക്കൊടുക്കുമ്പോൾ 1954ലെ പ്രത്യേക വിവാഹ നിയമവ്യവസ്ഥകൾ ആര്യസമാജ് പാലിക്കണമെന്ന് മധ്യപ്രദേശ് ഹൈകോടതി വിധിച്ചത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആര്യസമാജത്തിന്റെ കീഴിലെ മധ്യഭാരത് ആര്യ പ്രതിനിധി സഭക്കാണ് ഹൈകോടതി ഈ നിർദേശം നൽകിയത്. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ആര്യസമാജ ക്ഷേത്രത്തിലെ പ്രധാൻ സർട്ടിഫിക്കറ്റ് നൽകിയ ഒരു സംഭവത്തിൽ അലഹബാദ് ഹൈകോടതി ഈയിടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 1875ൽ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ഹൈന്ദവ സംഘടനയാണ് ആര്യസമാജ്. വിവാഹങ്ങൾക്കൊപ്പം മതം മാറ്റവും ആര്യസമാജം നടത്തിക്കൊടുക്കാറുണ്ട്. ഇതിന്റെ നിയമപരമായ സാധുതയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.