ന്യൂഡൽഹി: ആം ആദ്മി പാർട്ടി-ബി.ജെ.പി പോര് ശക്തമാക്കുന്ന നീക്കത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന, കെജ്രിവാൾ സർക്കാറിന്റെ പുതിയ മദ്യനയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പേരെടുത്ത് പറഞ്ഞ് നിരവധി നിയമലംഘനങ്ങളും നടപടിക്രമങ്ങളിൽ ബോധപൂർവമായ വീഴ്ചയും ആരോപിച്ചാണ് ലഫ്റ്റനന്റ് ഗവർണറുടെ നടപടി. അതേസമയം, കേന്ദ്ര സർക്കാർ നിർദേശത്തിന് അനുസൃതമായി പ്രവർത്തിക്കുകയാണ് സക്സേനയെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.
എല്ലാം സ്വകാര്യവത്കരിക്കുന്ന കെജ്രിവാൾ സർക്കാറിന്റെ പുതിയ മദ്യനയത്തിൽ ഉന്നത രാഷ്ട്രീയ തലത്തിൽ ചില ആനുകൂല്യങ്ങൾകുള്ള നീക്കം നടന്നിട്ടുണ്ടെന്നും മദ്യരാജാക്കന്മാർക്ക് ഇളവുകൾ നൽകാൻ നോക്കിയെന്നും ലഫ്. ഗവർണർ ആരോപിച്ചു. 144 കോടി ലൈസൻസ് ഫീസ് എഴുതി തള്ളിയെന്നും ലേലക്കാരന് 30 കോടി തിരിച്ചുകൊടുത്തുവെന്നും ആരോപണം തുടരുന്നു.
ആം ആദ്മി പാർട്ടിയുടെ ജനപ്രിയത വർധിച്ചുവരുന്നതിലുള്ള പ്രതികാര നടപടിയാണിതെന്ന് ആപ് നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിലും ഗുജറാത്തിലും അടക്കം ആം ആദ്മി പാർട്ടി മുന്നേറ്റമുണ്ടാക്കുകയാണ്. ആപ്പിന്റെ യഥാർഥ മോഡലും ബി.ജെ.പിയുടെ വ്യാജ മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. തന്റെ കൂട്ടുകാരനെ ബിൽ ഗേറ്റ്സിനേക്കാളും വലിയ ധനികനാക്കുന്ന മോദി സർക്കാറിന്റെ മാതൃക അല്ല ആപ്പിന്റേത്.
1300 കോടി രൂപയുടെ അധിക വരുമാനമാണ് പുതിയ മദ്യനയത്തിലൂടെ ഡൽഹിക്ക് ലഭിച്ചത്. എന്നാൽ, തങ്ങൾ അഴിമതിക്കാരായതിനാൽ ആപ്പും അഴിമതിക്കാരാണെന്ന് സ്വന്തം ഏജൻസികളെ ഉപയോഗിച്ച് സ്ഥാപിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത് എന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.