ന്യൂഡൽഹി: സ്വന്തമെന്ന് പറയാൻ ജനമനസ്സുകളിൽ ഇടം നേടിയ നേതാക്കളാരും ഇല്ലാത്തതിനാലാണ് ആരാധ്യരായ രാഷ്ട്രനേതാക്കളെ തങ്ങളുടേതാക്കാനുള്ള ശ്രമം ആർ.എസ്.എസ് നടത്തുന്നതെന്ന് പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ ഇൻഫാൻ ഹബീബ്. സർദാർ പട്ടേൽ, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരെയെല്ലാം സ്വന്തം പക്ഷത്താക്കാനാണ് നീക്കം. ഇന്ത്യൻ ജനതക്ക് സ്വീകാര്യരായ, ആർ.എസ്.എസ് പിന്തുണച്ച ഏതെങ്കിലും ദേശീയ നേതാക്കളുണ്ടെങ്കിൽ കാണിച്ചു തരൂവെന്ന് പറഞ്ഞ ഹബീബ്, ജനങ്ങൾക്ക് മുന്നിൽ വെക്കാൻ അവർക്ക് അങ്ങനെയൊരാളില്ലെന്നും കൂട്ടിച്ചേർത്തു.
ഇന്ദിര ഗാന്ധി നാഷനൽ സെൻററിൽ ‘സവർക്കറും ഹിന്ദുത്വവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സംസാരിച്ച ആർ.എസ്.എസ് നേതാവ് ദേശ് രത്തൻ നിഗം ഹബീബിെൻറ വാദങ്ങളെ നിരാകരിച്ചു. കഴിഞ്ഞ കാലങ്ങളിൽ രാജ്യം ഭരിച്ച കോൺഗ്രസ്, പട്ടേലിനെപ്പോലുള്ള നേതാക്കളെ പൂർണമായി അവഗണിക്കുകയായിരുന്നുവെന്നും അങ്ങനെയുള്ള നേതാക്കന്മാർക്ക് അർഹിക്കുന്ന അംഗീകാരം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും രത്തൻ നിഗം പറഞ്ഞു.
ആർ.എസ്.എസിെൻറ ചരിത്രത്തിൽ സ്വാതന്ത്ര്യ സമരസേനാനികളില്ലാത്തതിനാലാണ് അവർ മറ്റ് നേതാക്കളിലേക്ക് കണ്ണുവെക്കുന്നതെന്ന് അടുത്തിടെ സവർക്കറെപ്പറ്റി പുസ്തകം പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ വൈഭവ് പുരന്ദരെ പറഞ്ഞു. മാധ്യമ പ്രവർത്തകൻ അശുതോഷ്, എഴുത്തുകാരൻ നീലാഞ്ജൻ മുഖോപാധ്യായ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.