ഇംഫാല്‍: സമാനതകളില്ലാത്ത പോരാട്ടത്തിലൂടെ രാജ്യത്തെ സമരനായികയായി വളര്‍ന്ന ഇറോം ചാനു ശര്‍മിളയുടെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ദുരന്തപര്യവസാനം. കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിന് കടുത്ത എതിരാളിയാവുമെന്ന് വിശേഷിപ്പിക്കപ്പെട്ട ശര്‍മിളക്ക് തൗബാല്‍ മണ്ഡലത്തില്‍ കിട്ടിയത് വെറും 90 വോട്ട്. നോട്ട (143) പോലും മുന്നില്‍ കടന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച ഡോ. അകോജൈം മംഗ്ളംജാവോ സിങ് (66) മാത്രമാണ് പിറകിലുള്ളത്. ഇബോബി സിങ് 18,649 വോട്ടുമായി ബഹുദൂരം മുന്നിലത്തെിയപ്പോള്‍ ബി.ജെ.പിയുടെ ലൈതന്‍തം ബസന്ത സിങ് (8179) ആണ് രണ്ടാമത്. ഐ.ഐ.ടി.സിയുടെ ലൈഷങ്തം സുരേഷ് സിങ്ങിന് 143 വോട്ട് കിട്ടി.
കന്നി തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതോടെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച ഇറോം ശര്‍മിള ജീവിതത്തില്‍ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്നും വ്യക്തമാക്കി. ഇതോടെ അവര്‍ രൂപംനല്‍കിയ പീപ്ള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) പാര്‍ട്ടിയുടെയും ഭാവി അനിശ്ചിതത്വത്തിലായി. ‘‘ഏറെക്കാലം നീളുന്ന യുദ്ധത്തിന്‍െറ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷേ, തീപ്പൊരിക്ക് ഞങ്ങള്‍ തുടക്കമിട്ടുകഴിഞ്ഞു. ഇതിന് തുടര്‍ച്ചയുണ്ടാവും’’ എന്നായിരുന്നു തോല്‍വിക്കു പിന്നാലെ പി.ആര്‍.ജെ.എ വാര്‍ത്തക്കുറിപ്പ് വഴി പ്രതികരിച്ചത്.
തൗബാല്‍ അടക്കം മൂന്നു സീറ്റുകളിലാണ് പി.ആര്‍.ജെ.എ മത്സരിച്ചിരുന്നത്. സി.പി.എം, സി.പി.ഐ, ജെ.ഡി.യു, എ.എ.പി എന്നിവയടക്കം ആറു പാര്‍ട്ടികളുടെ കൂട്ടായ്മയായ എല്‍.ഡി.എഫിന്‍െറ പിന്തുണയുണ്ടായിട്ടും എല്ലായിടത്തും പരാജയം കനത്തതായിരുന്നു. ശര്‍മിളയുടെ രാഷ്ട്രീയപ്രവേശനത്തോട് മിക്ക പാര്‍ട്ടികളും പ്രതികൂല നിലപാടായിരുന്നു തുടക്കത്തിലേ സ്വീകരിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും അസ്ഥാനത്തായി. സമരകാലത്ത് ഉറച്ച പിന്തുണ നല്‍കിയിരുന്ന മെയ്റ പൈബിസ് (വനിത ആക്ടിവിസ്റ്റുകള്‍) വിഭാഗത്തിന്‍െറ എതിര്‍പ്പും തിരിച്ചടിയായി. ശര്‍മിള രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചയുടന്‍ ഈ വിഭാഗം എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്നു.
പ്രചാരണ കാലത്തുതന്നെ ചുവരെഴുത്ത് ഏറക്കുറെ വ്യക്തമായിരുന്നു.
പലപ്പോഴും സൈക്കിളില്‍ ഒറ്റക്കാണ് ശര്‍മിള പ്രചാരണം നടത്തിയിരുന്നത്. പാര്‍ട്ടി ചിഹ്നമായ വിസില്‍ മാത്രമായിരുന്നു കൂട്ട്. 16 വര്‍ഷത്തെ സഹനസമരത്തിലൂടെ ജനമനസ്സുകളില്‍ നായികസ്ഥാനം നേടിയ ഇറോം ശര്‍മിള, മുഖ്യമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചായിരുന്നു രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍, കനത്ത തോല്‍വിയോടെ ആ മോഹത്തിന് വിരാമമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.