ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി) ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനവും ലാഭവും കുറച്ചുകാണിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്‍റെ അനുമാനം.
മൂന്നു ദിവസം നീണ്ട പരിശോധനക്കുശേഷം ധനമന്ത്രാലയത്തിനു കീഴിലെ പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ശേഖരിച്ച വിവരങ്ങൾ മുൻനിർത്തി കൂടുതൽ കണക്കു പരിശോധനകൾ നടക്കുകയാണെന്നും ബോർഡ് വിശദീകരിച്ചു. മാധ്യമ സ്ഥാപനമെന്നുമാത്രം പറഞ്ഞുകൊണ്ടാണ് പ്രസ്താവന.
ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലുമായി വിവിധ ബി.ബി.സി ഗ്രൂപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അതിന്‍റെ ഉള്ളടക്കം, പരസ്യം, വിപണനം, അനുബന്ധ സേവനങ്ങൾ തുടങ്ങിയ ഇനങ്ങളിലായി കിട്ടുന്ന വരുമാനവും ലാഭവുമായി തട്ടിച്ചുനോക്കിയാൽ കണക്കിൽ കാണിച്ചതുമായി പൊരുത്തപ്പെടുന്നില്ല. ജീവനക്കാരുടെ മൊഴി, രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയിലൂടെ ഈ പൊരുത്തക്കേടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു.
ഇന്ത്യയിൽനിന്ന് മാതൃസ്ഥാപനത്തിലേക്ക് നൽകിയ പണമടവിന്‍റെ കൃത്യമായ നികുതി അടച്ചിട്ടില്ല. ഇന്ത്യയിലെ സേവനങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന ഉള്ളടക്കത്തിന് ന്യായമായ പ്രതിഫലം കണക്കിൽ കാണിച്ചിട്ടില്ല. പുറംകരാറുകാർക്ക് നൽകുന്ന തുക വിദേശ സ്ഥാപനം തിരിച്ചുനൽകുന്നതായി കാണിച്ചതിലും പൊരുത്തക്കേടുണ്ട്. ചില പണമടവുകൾ ഇന്ത്യയിൽനിന്നുള്ള വരുമാനമായി കാണിച്ചിട്ടില്ല. നികുതി അടച്ചിട്ടില്ല. സ്ഥാപനത്തിലെ പ്രധാന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രദ്ധിച്ചത്. മാധ്യമപ്രവർത്തനം തടസ്സപ്പെടാത്ത രീതിയിലാണ് സർവേ നടത്തിയതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.