ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒമ്പത് ചോദ്യങ്ങൾ ചോദിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഗ്നൽ സംവിധാനത്തിൽ പിഴവുണ്ടെന്ന ഗുരുതരമായ മുന്നറിയിപ്പ് എന്തുകൊണ്ടാണ് റെയിൽ മന്ത്രി അവഗണിച്ചതെന്ന് അദ്ദേഹം ചോദിച്ചു. റെയിൽവേ ബോർഡിലെ ഉദ്യോഗസ്ഥർ സിസ്റ്റത്തിലെ ഗുരുതര പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിൽ പിഴവുണ്ടെന്നും അതുസംബന്ധിച്ച് ആശങ്കയുള്ളതിനാൽ ഉടൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ റെയിൽവേ മന്ത്രലയത്തിന് അറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം മന്ത്രാലയം അവഗണിച്ചുവെന്ന് സുർജെവാല കുറ്റപ്പെടുത്തി.
സിഗ്നൽ സംവിധാനം പെട്ടെന്ന്തന്നെ നിരീക്ഷിച്ച് പ്രശ്ന പരിഹാരം നടത്തിയില്ലെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ്. എന്തുകൊണ്ടാണ് റെയിൽവേ മന്ത്രിയും മന്ത്രാലയവും അത് അവഗണിച്ചത്?
ഈയിടെ ചരക്ക് ട്രെയിനുകൾ പാളം തെറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടും അവയൊന്നും മുന്നറിയിപ്പായി സ്വീകരിച്ച് റെയിൽ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്നും സുർജെവാല ചോദിച്ചു.
റെയിൽവേ സുരക്ഷ ഉറപ്പു വരുത്തുന്നതിനേക്കാൾ പ്രധാനമായി പ്രധാനമന്ത്രിയുടെ പ്രീതി പിടിച്ചു പറ്റുന്നതിനും അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നതിനും വേണ്ടി റെയിൽവേ മന്ത്രി നടത്തിയ ശ്രമങ്ങൾ ശരിയാണോ? വന്ദേഭാരത് ട്രെയിനുകൾക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനും (അവയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുന്നു) യാത്രക്കാരുടെ സുരക്ഷയേക്കാൾ വരുമാനം വർധിപ്പിക്കുന്നതിനും മാത്രമാണോ മുൻഗണന നൽകുന്നത്?
അതാണോ ജൂൺ രണ്ടിന് (ഒഡിഷ അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ്) റെയിൽവേ സുരക്ഷ സംബന്ധിച്ച അവതരണത്തിന്റെ ഭൂരിഭാഗം സമയത്തും റെയിൽവേ മന്ത്രി പങ്കെടുക്കാതെ, വരുമനം വർധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിൻ ലോഞ്ചിൽ ശ്രദ്ധിക്കാൻ കാരണം. -സുർജെവാല ചോദിച്ചു.
റെയിൽവേ മന്ത്രിക്ക് ഐ.ടി ആന്റ് ടെലികോം പോലുള്ള വലിയ മന്ത്രാലയത്തിന്റെ കൂടി അധിക ചുമതല നൽകി പീഡിപ്പിക്കുന്ന സർക്കാർ നടപടി റെയിൽവേയെ രണ്ടാംതരമാക്കാനാണോ എന്നും കോൺഗ്രസ് എം.പി ചോദിച്ചു.
വേണ്ടത്ര ജീവനക്കാരില്ലാതെ എങ്ങനെയാണ് സുരക്ഷയോടെ റെയിൽവേ പ്രവർത്തിക്കുക? ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം ബാലസോറിലില്ലാതിരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്. 1000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.