മുംബൈ: മൈസൂർ സിംഹം എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന് എന്തെങ്കിലും നിരോധനമുണ്ടോയെന്ന ചോദ്യവുമായി ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബാരാമതിയിൽ ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കാൻ പുണെ റൂറൽ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്ന് ആൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പുണെ പ്രസിഡന്‍റ് ഫയാസ് ശൈഖാണ് ഹരജി നൽകിയത്.
ഭരണഘടനാ ദിനമായ നവംബർ 26ന് മൗലാന അബുൽ കലാം ആസാദിന്‍റെ ജന്മദിനത്തോടൊപ്പം ടിപ്പുവിന്‍റെ ജന്മദിനവും ആഘോഷിക്കാൻ അനുമതി നൽകണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. ഈ ഹരജി പരിഗണിച്ച കോടതി, ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന് എന്തെങ്കിങ്കിലും വിലക്ക് നിലവിലുണ്ടോ എന്ന് മഹാരാഷ്ട്ര സർക്കാറിനോട് ചോദിക്കുകയായിരുന്നു.
ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന് എന്തെങ്കിലും നിരോധനമുണ്ടോ? ഘോഷയാത്ര നടത്താൻ അവരെ അനുവദിക്കാത്തതിന് യാതൊരു കാരണവുമില്ല. നിങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്തെങ്കിലും പ്രശ്ങ്ങളുണ്ടായാൽ നിങ്ങൾക്ക് കേസെടുക്കാം. ക്രമസമാധാനം നിങ്ങളുടെ അധികാരമാണ് -കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഭവങ്ങളിൽ കേസെടുക്കേണ്ടി വന്നുവെന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ പുണെ റൂറൽ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് അറിയിച്ചു. നവംബർ 26 ന് ഭരണഘടനാ ദിനത്തിനും മൗലാന അബുൽ കലാം ആസാദിന്‍റെ അനുസ്മരണത്തിനും അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്റ്റിസ് ശിവകുമാർ ദിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.