'ശിവശക്തി' പേരിൽ വിവാദം വേണ്ട; ബഹിരാകാശത്തെ കുറിച്ചുള്ള മോദിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഐ.എസ്.ആർ.ഒ തയാർ -എസ്. സോമനാഥ്

ബംഗളൂരു: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ ഭാഗത്തിന് ശിവശക്തി പോയിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേര് നൽകിയതിൽ വിവാദം വേണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ശാസ്ത്രവും വിശ്വാസവും രണ്ടാണെന്ന് വിശദീകരിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ചാന്ദ്രയാൻ മൂന്നിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. ചന്ദ്രയാൻ -3 ന്റെ റോവറും ലാൻഡറും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഗുണനിലവാരമുള്ള ചിത്രങ്ങൾക്കായി ഐ.എസ്.ആർ.ഒ സംഘം കാത്തിരിക്കുകയാണ്. ഇപ്പോൾ ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ ആരംഭിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ബഹിരാകാശ മേഖലയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് ബഹിരാകാശ ഏജൻസിയുടെ ലക്ഷ്യമെന്നും സോമനാഥ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ബഹിരാകാശ മേഖലയെക്കുറിച്ച് ദീർഘകാല വീക്ഷണമുണ്ട്. ഐ.എസ്.ആർ.ഒ അത് നടപ്പാക്കാൻ തയാറാണെന്നും അദ്ദേഹം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചാന്ദ്രദൗത്യത്തിന്റെ ചരിത്ര വിജയത്തിന് ശേഷം ആദ്യമായി സോമനാഥ് തിരുവനന്തപുരത്തെത്തി.

''ഞങ്ങളെ സംബന്ധിച്ച് സോഫ്റ്റ് ലാൻഡിങ് മാത്രമല്ല, ചന്ദ്രയാൻ -3 ന്റെ മുഴുവൻ വശങ്ങളും 100 ശതമാനം വിജയമായിരുന്നു. രാജ്യം മുഴുവൻ അതിൽ അഭിമാനിക്കുകയും ഞങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ഐ.എസ്.ആർ.ഒയുടെ മഹത്തായ നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താനും തന്റെ സഹപ്രവർത്തകരും സന്തുഷ്ടരും അഭിമാനവുമുള്ളവരാണ്.അവരുടെ ഭാവി ശ്രമങ്ങളിൽ തുടർന്നും പിന്തുണ നൽകണം.'' സോമനാഥ് പറഞ്ഞു.

സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യ ബഹിരാകാശ കേന്ദ്രമായ ഇന്ത്യൻ നിരീക്ഷണ കേന്ദ്രമായ ആദിത്യ-എൽ 1-നെക്കുറിച്ചുള്ള ചോദ്യത്തിന് ഉപഗ്രഹം തയ്യാറായി ശ്രീഹരിക്കോട്ടയിൽ എത്തിയതായി സോമനാഥ് പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം വിക്ഷേപണം പ്രതീക്ഷിക്കുന്നതായും അവസാന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - ISRO all ready to implement PM Modi’s vision for India’s space sector sayas S Somanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.