ന്യൂഡൽഹി: കേരളതീരത്തിന് സമീപം രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികർക്കെതിരായ കേസ് എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വെള്ളിയാഴ്ച വിഷയം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
കടൽക്കൊല കേസ് അടിയന്തരമായി കേൾക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബവുമായി സർക്കാർ ബന്ധപ്പെട്ടിരുന്നുവെന്നും അർഹമായ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞതാണെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുെട നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ ബോധിപ്പിച്ചു.
ഇന്ത്യയും ഇറ്റലിയുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമെന്ന നിലയിലാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ആഗസ്റ്റിലും കേസ് തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെയും അവരുടെ വാദം കേൾക്കാതെയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കുടുംബങ്ങളെ കക്ഷിയാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയാണ് തുഷാർ മേത്ത നൽകിയത്.
നാവികരെ കുറ്റവിചാരണ ചെയ്യുമെന്നും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും ഇന്ത്യക്ക് ഇറ്റലി ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്നും എന്നാൽ, നാവികരെ കുറ്റവിചാരണ ചെയ്യുന്നത് ഇന്ത്യയുെട അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്നുമാണ് ഹേഗിലെ ആർബിട്രേഷൻ കോടതി വിധിച്ചത്. തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.