ന്യൂഡൽഹി: ജൂൺ 26ന് നടക്കുന്ന ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ സ്‌പീക്കറെയും ഡെപ്യുട്ടി സ്‌പീക്കറെയും തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
"ഈ തീരുമാനങ്ങളെല്ലാം രാഷ്ട്രീയ പാർട്ടികളാണ് എടുക്കുന്നത്. ഇതിൽ എനിക്ക് പങ്കില്ല"-ബിർള പറഞ്ഞു.
പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെ നടക്കും. എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ പരീക്ഷണമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കറുടെ നിർണായക പങ്ക് കണക്കിലെടുത്ത് ബി.ജെ.പി സ്ഥാനം നിലനിർത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണെങ്കിലും, സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും ഇതിൽ വിയോജിപ്പുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പാണ് മറ്റൊരു തർക്ക വിഷയം. പുതിയ ലോക്‌സഭയിൽ ഇൻഡ്യ സഖ്യത്തിലെ 234 അംഗങ്ങൾ ഉള്ളതിനാൽ, പ്രതിപക്ഷ നേതാക്കൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് വേണ്ടിയുള്ള വാദത്തിലാണ്.
പതിനേഴാം ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറില്ലാതെ അത്ഭുതപൂർവ്വമായ രീതിയിൽ പ്രവർത്തിക്കുമ്പോൾ, സ്പീക്കറെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറെ കൂടി തെരഞ്ഞെടുക്കേണ്ടതുണ്ട്. 17-ാം ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളക്ക് പ്രതിപക്ഷ പാർട്ടികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ നടപടിയായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.