ലഖ്നോ: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ഉമ്മവെച്ചതിൽ പ്രകോപിതനായി യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ്. അമ്പതാം വയസ്സിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്കാരമല്ലെന്ന് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആർ.എസ്.എസുകാരെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് യു.പി മന്ത്രിയുടെ വിമർശനം.
'ആർ.എസ്.എസുകാരെ കൗരവരെന്ന് വിളിക്കുമ്പോൾ, താൻ പാണ്ഡവനാണെന്നാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നത്? രാഹുൽ പാണ്ഡവനാണെങ്കിൽ, ഏത് പാണ്ഡവനാണ് അമ്പതാം വയസ്സിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെച്ചത്. അത് നമ്മുടെ സംസ്കാരമല്ല. ഭാരതീയ സംസ്കാരം ഇത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല' -ദിനേഷ് പ്രതാപ് സിങ് പറഞ്ഞു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടയാളാണ് പ്രതാപ് സിങ്. 2024ൽ സോണിയയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു. റായ്ബറേലിയിൽനിന്ന് പുറത്താക്കപ്പെടുന്ന അവസാന വിദേശിയായിരിക്കും സോണിയയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
''റായ്ബറേലിയിൽ എത്തുമ്പോൾ ശാരീരികമായി സുഖമില്ലെന്നാണ് സോണിയ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ പ്രമോട്ട് ചെയ്യുന്നതിനായി അദ്ദേഹത്തിനൊപ്പം ഭാരത് ജോഡോ യാത്രയിൽ നടക്കുന്നതിന് അവർക്ക് കുഴപ്പമൊന്നുമില്ല. 2024ൽ അവർ എം.പിയാകില്ല, റായ്ബറേലിയിൽനിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കും അവർ''-പ്രതാപ് സിങ് പറഞ്ഞു.
താനൊരു വിദേശിയല്ലെന്ന് സോണിയാ ഗാന്ധിക്ക് പറയാൻ പറ്റുമോ? സോണിയ ഒരു വിദേശിയല്ലെന്ന് കോൺഗ്രസിൽ ആർക്കെങ്കിലും പറയാൻ പറ്റുമോ? ഒരു വിദേശിയായതിനാൽ അവർക്ക് പ്രധാനമന്ത്രി പദം പോലും നിഷേധിക്കപ്പെട്ടു. നമ്മൾ എറെ ബുദ്ധിമുട്ടിയാണ് ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയത്. ഇന്ത്യക്കാർ ഒരിക്കലും ഒരു വിദേശിയെ ഭരണാധികാരിയായി അംഗീകരിക്കില്ല -പ്രതാപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.