ഹനുമാൻ ജയന്തി ദിന സംഘർഷം: നിഷ്പക്ഷ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് കത്ത്

ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിലെ ആഘോഷത്തിനിടെ ഡൽഹിയിലെ ജഹാംഗീർപൂരിയിലുണ്ടായ സംഘർഷം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്. ചീഫ് ജസ്റ്റിസ് എൻ.വി രമണക്കാണ് അഭിഭാഷകനായ അമൃത് പാൽ സിങ് ഖൽസെ കത്തയച്ചത്.

കേസിൽ അറസ്റ്റ് ചെയ്തത് ഒരു സമുദായത്തിലെ അംഗങ്ങളെ മാത്രമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അമൃത് പാൽ ആവശ്യപ്പെടുന്നു. ഇരുവിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളടക്കം 21 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമല്ല ഡൽഹി പൊലീസ് നടത്തുന്നത്.

ഡൽഹി കലാപസമയത്തും ഒരു വിഭാഗം ആളുകളെ മാത്രം തെരഞ്ഞുപിടിച്ച് കേസിൽ പ്രതി ചേർത്ത പൊലീസ് നടപടി അമൃത് പാൽ കോടതിയെ ഓർമിപ്പിച്ചു. അന്ന് പൊലീസ് നടപടിക്കെതിരെ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ഡൽഹി കലാപക്കേസ് അന്വേഷണത്തിന് സമാനമായാണ് ജഹാംഗീർപൂരിലെ അന്വേഷണവും പോകുന്നതെന്നും അമൃത് പാൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഹനുമാൻ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച്​ വടക്കു പടിഞ്ഞാറന്‍ ഡൽഹിയിലെ ജഹാംഗീർപൂരിയിലുണ്ടായ വർഗീയ സംഘർഷത്തിൽ 22 പേരെയാണ് അറസ്റ്റ്​ ചെയ്തത്. കലാപമുണ്ടാക്കിയതിനും കൊലപാതക ശ്രമങ്ങൾക്കുമാണ്​ അറസ്​റ്റെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ആയുധനിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ്​ കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച്​ കേസെടുത്തത്​.​

ഡൽഹി പൊലീസ്​ രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആർ പ്രകാരം ഹനുമാൻ ജയന്തി ഘോഷയാത്ര ജഹാംഗീർപുരി പള്ളിക്കടുത്തുകൂടി കടന്നുപോകുമ്പോൾ അതിലുള്ളവരുമായി പ്രദേശവാസിയായ അൻസാർ എന്നയാൾ വാക്കുതർക്കത്തിലേർപ്പെട്ടതാണ്​ പ്രശ്നങ്ങളുടെ തുടക്കം. ഇരുകൂട്ടരും തമ്മിലുള്ള ശണ്ഠ കല്ലേറായി മാറിയെന്നും എഫ്​.ഐ.ആറിൽ പറയുന്നു. അറസ്റ്റിലായവരിൽപ്പെട്ട അൻസാർ ആണ്​ പ്രശ്നങ്ങൾക്ക്​ തുടക്കമിട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. ഇഫ്താറിന്‍റെ നേരത്ത്​ ശബ്​ദം കുറച്ച്​ പോകണമെന്ന്​ ആവശ്യപ്പെടുക മാത്രമാണ്​ അൻസാർ ചെയ്ത​തെന്നാണ്​ അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത്​. എന്നാൽ, പള്ളിയുടെ ഭാഗത്തുനിന്ന്​ കല്ലും കുപ്പികളും എറിഞ്ഞതാണ്​ പ്രശ്നമെന്ന്​ ഘോഷയാത്രയിലുള്ളവർ ആരോപിച്ചു.

ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുന്നതിന്‍റെ വിഡിയോ നോക്കി അറസ്റ്റ്​ ചെയ്ത അസ്​ലം ആണ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സബ്​ ഇൻസ്​പെക്​ർ മേധലാൽ മീണയെ വെടിവെച്ചതെന്ന്​ പൊലീസ്​ പറയുന്നു. എന്നാൽ, വെടിവെച്ചത്​ ആരാണെന്ന്​ കണ്ടിട്ടില്ലെന്ന്​ മീണ​ പറഞ്ഞു. ഏഴോ എട്ടോ റൗണ്ട്​ വെടിവെപ്പ്​​ കേട്ടു. ഘോഷയാത്രക്കു​ പിന്നിൽ അകമ്പടിയായി വരുകയായിരുന്ന തങ്ങൾ പ്രശ്ന​മുണ്ടായപ്പോൾ മുന്നിലേക്ക്​ നീങ്ങുകയായിരുന്നു. അതിനാൽ, സംഘർഷത്തിലേക്ക്​ നയിച്ച വാക്കുതർക്കത്തിന്​ കാരണം എന്താണെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ദണ്ഡുകളും വാളുകളും അടക്കമുള്ള ആയുധങ്ങളുമേന്തി വന്ന ഹനുമാൻ ജയന്തി ഘോഷയാത്ര പള്ളിക്കടുത്ത്​ എത്തിയപ്പോൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നും പള്ളിക്ക്​ അകത്തേക്ക്​ കയറി കാവിക്കൊടി കെട്ടാൻ നോക്കിയെന്നും അതോടെയാണ്​ പ്രശന്​ങ്ങൾ തുടങ്ങിയതെന്നും പ്രദേശത്തെ മുസ്​ലിംകൾ പറയുന്നു. പള്ളിക്കടുത്തുനിന്ന്​ അൻസാറുമായി വാക്കുതർക്കമുണ്ടായതാണ്​ പ്രശ്നം തുടങ്ങിയതെന്ന പൊലീസ്​ ഭാഷ്യം പ്രദേശവാസിയായ നൂർജഹാൻ നിഷേധിച്ചു. ആയുധങ്ങ​ളേന്തിയുള്ള ഹിന്ദുഘോഷയാത്ര പ്രദേശത്ത്​ ഇതാദ്യമാണെന്നും അവർ പറഞ്ഞു. ​

എല്ലാവരും ഒരുമയോടെ സമാധാനപൂർണമായി ജീവിക്കുന്ന ജഹാംഗീർപുരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്​ പുറത്തുനിന്നു വന്നവരാ​ണെന്ന്​ ഹിന്ദുക്കളും മുസ്​ലിംകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. ഘോഷയാത്ര പള്ളിക്കുമുന്നിൽ എത്തിയപ്പോൾ പ്രശ്നമാ​യെന്നു​ കണ്ട്​ ഇരുസമുദായങ്ങളെയും വേർപെടുത്തി മാറ്റിനിർത്തിയതായിരുന്നുവെന്ന്​ മേധലാൽ മീണ പറഞ്ഞു. ഹനുമാൻ ജയന്തി ഘോഷയാത്ര ഒരു വഴിക്കും മുസ്​ലിംകൾ മറുവഴിക്കും പോകാൻ ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ, കൈയിൽ ദണ്ഡുകളും വാളുകളുമായി കൂടുതൽ ആളുകൾ വരുകയും പരസ്പരം കല്ലേറ്​ തുടരുകയും ചെയ്തു. എട്ടു​ പൊലീസുകാർ അടക്കം പത്തു​ പേർക്ക്​ പരിക്കേറ്റു. മീണക്ക്​ കൈക്കാണ്​ വെടിയേറ്റത്​.

Tags:    
News Summary - Jahangirpuri violence: Lawyer asks SC for court-monitored impartial probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.