മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ജി.എൻ സായ്ബാബയെ ബോംബെ ഹൈകോടതി കുറ്റവിമുക്തനാക്കി.അദ്ദേഹത്തെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ചാണ് 2017ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെ സായ്ബാബ നൽകിയ ഹരജി പരിഗണിച്ചത്. നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് അദ്ദേഹം.
മാവോവാദി ബന്ധം ചുമത്തി ശിക്ഷിക്കപ്പെട്ട മറ്റ് അഞ്ച് പേരെയും ബെഞ്ച് കുറ്റവിമുക്തനാക്കി. ഇവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. 2017 മാർച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷൻസ് കോടതി സായ്ബാബയും മാധ്യമ പ്രവർത്തകനും ജെ.എൻ.യു വിദ്യാർഥിയുമടക്കമുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഡൽഹി യൂനിവേഴ്സിറ്റിക്ക് കീഴിലെ രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം. ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പോളിയോ ബാധിതനായി രണ്ടു കാലുകളും തളർന്ന് ചക്രക്കസേരയിൽ കഴിയുന്ന ഇദ്ദേഹത്തെ വിട്ടയയ്ക്കണമെന്നു യു.എൻ മനുഷ്യാവകാശ സമിതി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.